പെരുമ്പാവൂർ: സംസ്കൃത ഭാഷയുടെയും വിജ്ഞാനത്തിന്റെയും പഠന പ്രചാരണത്തിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവിഷ്കരിച്ച പദ്ധതികളുടെ ഉന്നതാധികാര സമിതിയിലേക്ക് കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ പ്രൊഫസറായിരുന്ന ഡോ. എം.വി. നടേശനെ തിരഞ്ഞെടുത്തു. രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ കേന്ദ്ര സർവകലാശാലയുടെ വൈസ് ചാൻസലർ പ്രൊഫ . ശ്രീനിവാസ വർക്കേടി ചെയർമാൻ ആയ സമിതിയിൽ പ്രൊഫ. ദിനേശ് ചന്ദ്രശാസ്ത്രി (ഹരിദ്വാർ), പ്രൊഫ. രാം നാരായണ ദ്വിവേദി (വരണാസി ), പ്രൊഫ. രാജധർ മിശ്ര (രാജസ്ഥാൻ), പ്രൊഫ. കമൽ കിഷോർ മിശ്ര (കൊൽക്കത്ത) എന്നിവരാണ് മറ്റ് അംഗങ്ങൾ. പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. നടേശൻ നിലവിൽ റെയിൽവേ മന്ത്രാലയത്തിന്റെ കീഴിലുള്ള റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ സ്വതന്ത്ര ചുമതലയിലുള്ള ഡയറക്ടർ കൂടിയാണ്. ശ്രീനാരായണ ദർശനത്തിനും സംസ്കൃത ഭാഷ പ്രചാരണരംഗത്തും നൽകിയ സേവനങ്ങളെ മാനിച്ച് ആഗമാനന്ദ പുരസ്കാരം, പണ്ഡിതരത്നം, ആചാര്യരത്നം, കാവാരിക്കുളം കണ്ടൻ കുമാരൻ പുരസ്കാരം തുടങ്ങിയ അവാർഡുകളും ലഭിച്ചിട്ടുള്ള ഡോ. നടേശൻ തൃശൂർ കോലഴി നിവാസിയാണ്. നാരായണ ഗുരുകുല സ്ഥാപകനായ നടരാജ ഗുരുവിന്റെ ശിഷ്യനായ ഗുരു മുനി നാരായണ പ്രസാദിന്റെ ഗൃഹസ്ഥ ശിഷ്യനുമാണ്.