വൈപ്പിൻ:കടൽ തീരങ്ങളുടെ ശുചീകരണം ലക്ഷ്യമിട്ടുള്ള പുനീത് സാഗർ അഭിയാൻ പദ്ധതിയുടെ ഭാഗമായി എടവനക്കാട് എസ്.ഡി.പി.വൈ കെ.പി.എം ഹൈസ്‌കൂളിലെ നേവൽ എൻ.സി.സി. കേഡറ്റുകൾ കുഴുപ്പിള്ളി ബീച്ച് വൃത്തിയാക്കി. നഗരത്തിൽ നിന്ന് ഒഴുക്കി വിടുന്ന പകുതിയിലേറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ വന്നടിയുന്നത് കടലിലാണ്. കടലിനെയും തീരങ്ങളെയും ആവാസവ്യവസ്ഥയെ തന്നെയും അപകടമാംവിധം ബാധിക്കുമ്പോഴാണ് കേരളത്തിലെ പ്രധാന തീരങ്ങളുടെ ശുചീകരണവും സുരക്ഷിതത്വവും ലക്ഷ്യമിട്ട് ദേശീയ തലത്തിൽ നാഷണൽ കേഡറ്റ് കോർപ്‌സ് തീരശുചീകരണ യജ്ഞം നടത്തുന്നത്. ഈ ഉദ്യമത്തിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഉള്ള കേഡറ്റുകൾ പങ്കാളികളാകുന്നുണ്ട്.
രാജ്യം നേരിടുന്ന ഏറ്റവും വലിയ മലിനീകരണങ്ങളിൽ ഒന്നാണ് തീരമലിനീകരണം. തീരങ്ങളിലെ മാലിന്യം നീക്കുക ഒപ്പം തീരങ്ങൾ വൃത്തിയായി സൂക്ഷിക്കുന്നതിന്റെ അനിവാര്യത പൊതുജനത്തെ ബോധ്യപ്പെടുത്തുക എന്നതാണ് പുനീത് സാഗർ അഭിയാൻ പദ്ധതി ലക്ഷ്യമിടുന്നത്. കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. നിബിൻ ശുചീകരണ യജ്ഞം ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് കെ.എക്‌സ്. ഷിജോയ് , അദ്ധ്യാപകൻ കെ.എ. അയൂബ്, എൻ.സി.സി ഫസ്റ്റ് ഓഫീസർ സുനിൽ മാത്യു എന്നിവർ സംസാരിച്ചു.