വൈപ്പിൻ: പുതുവൈപ്പിൽ അനധികൃത മണൽ വിൽപ്പനയെന്ന് സഹകാരി സാമൂഹ്യ അവകാശ സുരക്ഷ സമിതി ആരോപിച്ചു. പുതുവൈപ്പ് എൽ.എൻ.ജി പദ്ധതി പ്രദേശത്ത് കടലിൽ നിന്ന് ഡ്രഡ്ജ് ചെയ്ത് കൂട്ടിയിട്ടിട്ടുള്ള മണ്ണ് അടുത്ത കാലത്തായി വേർതിരിച്ച് വ്യവസായ ആവശ്യങ്ങൾക്കായി വില്പന നടത്തി വരുന്നതായി ശ്രദ്ധയിൽപ്പെട്ടു. കൊച്ചിൻപോർട്ട് ട്രസ്റ്റിന്റെ കീഴിൽ വരുന്ന പ്രദേശത്ത് നിന്ന് മണൽ വില്പന നടത്തുന്നത് നിയമ ലംഘനവും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്ക് കാരണവുമാണ്. പ്രദേശത്തെ ജനവാസകേന്ദ്രങ്ങളിൽ നിന്ന് ഒഴുകിപോകുന്ന മണ്ണാണ് ഡ്രഡ്ജ് ചെയ്ത് കരയിൽ കൂമ്പാരമായി ഇട്ടിരിക്കുന്നത്.

കരയിൽ നിന്ന് മണ്ണ് ഒഴുകി കടലിലേക്ക് പോകുന്നതിനാൽ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാണ്. പുരയിടങ്ങൾ താഴ്ന്ന് ജീവിക്കുവാൻ സാധിക്കാത്ത വിധം വെള്ളം കെട്ടിക്കിടന്ന് ദുരിതപൂർണമായ അവസ്ഥയാണെന്നും സമിതി കുറ്റപ്പെടുത്തി. സി.ആർ.ഇസഡ് മേഖലയിൽ ഇത്തരത്തിൽ മണൽ വില്പന നടത്തുന്നതിന് യാതൊരു അവകാശവുംപോർട്ട് ട്രസ്റ്റിനില്ല. തങ്ങളുടെ മുറ്റത്ത് നിന്ന് ഒഴുകിപ്പോയ മണ്ണ് വ്യവസായികൾക്ക് വില്പന നടത്തി ലാഭം ഉണ്ടാക്കുവാൻ അവസരം നൽകിയ പോർട്ട് ട്രസ്റ്റ് നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഇത് സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുവാനും നിയമ നടപടികൾ സ്വീകരിക്കുവാനും ഇന്നലെ ചേർന്ന സഹകാരി സാമൂഹ്യ അവകാശ സുരക്ഷ സമിതി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. മണൽ വില്പനയ്ക്കെതിരെ ഒക്ടോബർ 6ന് കാളമുക്ക്‌ ഗോശ്രീ ജംഗ്ഷൻ, പുതുവൈപ്പ് യൂണിവേഴ്‌സിറ്റി കവല എന്നിവിടങ്ങളിൽ ഒപ്പ്‌ ശേഖരണം സംഘടിപ്പിക്കും.