
കൊച്ചി: നടൻ സിദ്ദിഖ് പ്രതിയായ ലൈംഗിക പീഡനക്കേസിൽ മകൻ ഷഹീന്റെ സുഹൃത്തുക്കളെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കൊച്ചി സ്വദേശികളായ നദീർ ബേക്കർ, പോൾ ജോയ് എന്നിവരെ മണിക്കൂറുകൾ ചോദ്യം ചെയ്തശേഷം വീണ്ടും ഹാജരാകാൻ നോട്ടീസ് നൽകി വിട്ടയച്ചു.
ഇന്നലെ രാവിലെ ഇരുവരെയും കാണാനില്ലെന്ന പരാതിയുമായി കുടുംബങ്ങൾ രംഗത്തെത്തിയിരുന്നു. അന്യായമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ഇവർ സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചു. സിദ്ദിഖിന്റെ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ കസ്റ്റഡിയിലെടുത്തതായി പ്രത്യേക അന്വേഷണസംഘം തുടർന്ന് വെളിപ്പെടുത്തി.
ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് പുതിയ സിം കാർഡുകൾ എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി. സിദ്ദിഖ് സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നുണ്ട്. പുലർച്ചെ 4.15നും 5.15നും ഇടയിൽ താമസസ്ഥലമായ തൈക്കൂടത്തെയും മറൈൻ ഡ്രൈവിലെയും ഫ്ളാറ്റുകളിൽ നിന്ന് കസ്റ്റഡിയിലെടുത്ത ഇവരെ എറണാകുളത്തെ തീരദേശ പൊലീസ് ആസ്ഥാനത്തെത്തിച്ചാണ് ചോദ്യംചെയ്തത്. സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും ഓഫാണ്. കൊച്ചിയിൽ വിവിധ ഇടങ്ങളിലായി ഒളിവിൽ കഴിയുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.
ജാമ്യഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് എസ്.പി മെറിൻ ജോസഫ് ഡൽഹിയിലെത്തി സർക്കാരിന് വേണ്ടി ഹാജരാകുന്ന അഭിഭാഷകരോട് കേസ് വിവരങ്ങൾ വിശദീകരിച്ചു.
ഭീഷണിപ്പെടുത്തി:
ഷഹീൻ
കൊച്ചി: പ്രത്യേക അന്വേഷണ സംഘം ഭീഷണിപ്പെടുത്തിയെന്ന് നടൻ സിദ്ദിഖിന്റെ മകൻ ഷഹീൻ. പിതാവിനെക്കുറിച്ചുള്ള വിവരം നൽകിയില്ലെങ്കിൽ സുഹൃത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. വീട്ടിൽ വന്നപ്പോൾ തന്നോട് നല്ല രീതിയിലാണ് പൊലീസ് പെരുമാറിയത്. സുഹൃത്തുക്കൾ എന്തുപിഴച്ചെന്നും ഷഹീൻ ചോദിച്ചു.
അതനിടെ, ഷഹീനെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) ചോദ്യംചെയ്തു. ശനിയാഴ്ച ആലുവയിലെ വീട്ടിലെത്തി ഷഹീന്റെ മൊഴി രേഖപ്പെടുത്തി. സിദ്ദിഖിന്റെ ആലുവയിലെയും കാക്കനാട്ടെയും വീട്ടിൽ അന്വേഷണസംഘം പരിശോധന നടത്തി. പിതാവ് എവിടെയാണെന്ന് അറിയില്ലെന്നും അഭിഭാഷകരെ കണ്ടത് താനാണെന്നും ഷഹീൻ പറഞ്ഞു.