
വൈപ്പിൻ: എളങ്കുന്നപ്പുഴയിൽ പൊക്കാളിപാടത്തെ തൂമ്പിൽ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുക്കാട് കളത്തിൽ സുമേഷ് - ശ്രുതിമോൾ ദമ്പതികളുടെ മകൻ അദീഷ് ദമ്മ (12) യാണ് മരിച്ചത്. താറാവിൻകൂട്ടത്തെ പൊക്കാളിപാടത്ത് നിന്ന് കയറ്റാൻ പോയ അദീഷ് അനുജനുമൊത്ത് പോയതായിരുന്നു. പാടത്ത് ഇറങ്ങിയ ഉടനെ ഇരുവരും തൂമ്പുകുഴിയിൽപെട്ട് മുങ്ങിയെങ്കിലും അനുജൻ നീന്തിക്കയറി തൊട്ടടുത്ത ചായക്കടയിൽ പോയി വിവരം പറഞ്ഞു. അവിടെയുണ്ടായിരുന്നവർ ഓടിയെത്തി അദീഷിനെ കണ്ടെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. എറണാകുളം ജനറലാശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌കരിച്ചു. എളങ്കുന്നപ്പുഴ ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ 7ാം ക്ലാസ് വിദ്യാർത്ഥിയാണ്.