കൊച്ചി: ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും ആദർശങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിനൊപ്പം സമൂഹത്തിലെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളെ ചേർത്തുപിടിച്ച് മുന്നോട്ടുനയിക്കാൻ പത്രാധിപർ കെ.സുകുമാരൻ നടത്തിയ ധീരോദാത്തമായ പത്രപ്രവർത്തനമാണ് ഇന്നും കേരളകൗമുദിയുടെ അടിത്തറയെന്ന് ടി.ജെ. വിനോദ് എം.എൽ.എ പറഞ്ഞു. പത്രാധിപരുടെ മാതൃക പുതുതലമുറയിലെ മാദ്ധ്യമപ്രവർത്തകർക്ക് പ്രചോദനമാകണം. ഇന്ന് യുവതലമുറയിൽ പത്രപാരായണശീലം കുറഞ്ഞുവരുന്നതായാണ് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ പത്രങ്ങളുടെ നിലനിൽപ്പും കടുത്ത വെല്ലുവിളികൾ നേരിടുകയാണ്. പത്രപ്രവർത്തനം ദുർബലമാകുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ല. എന്നാൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്ന് ഭരണാധികാരികൾ ഒഴിഞ്ഞുമാറുന്ന പ്രവണതയാണ് സമീപകാലത്ത് കണ്ടുവരുന്നത്. ഇത് ശരിയായ കീഴ്വഴക്കമല്ല. കാരണം, മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് ഭരണാധികാരികൾ നൽകുന്ന മറുപടിയിലൂടെയാണ് സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.