hmt

കൊച്ചി: വാച്ചുകൾ ഉൾപ്പെടെയുള്ള ജനപ്രിയ ഉത്പന്നങ്ങളുമായി പ്രതാപം വീണ്ടെടുക്കാൻ എച്ച്.എം.ടി (ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ്) തയ്യാറെടുക്കുന്നു. ഒരുകാലത്ത് രാജ്യാന്തര തലത്തിൽ ശ്രദ്ധനേടിയിരുന്ന ഈ പൊതുമേഖലാ സ്ഥാപനം പുനരുദ്ധരിക്കാൻ സംസ്ഥാന സർക്കാരിന്റെ പിന്തുണയോടെ കേന്ദ്രസർക്കാർ സമഗ്രപദ്ധതി തയ്യാറാക്കി. ലാഭത്തിലുള്ള ഏക യൂണിറ്റായ കളമശേരിയിൽ കേന്ദ്രമന്ത്രി ഉരുക്ക്-ഘന വ്യവസായമന്ത്രി എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞമാസം സന്ദർശനം നടത്തിയശേഷമാണ് നടപടികൾ വേഗത്തിലായത്. ജനുവരിയോടെ പ്രവർത്തനങ്ങൾക്ക് തുടക്കംകുറിക്കുമെന്നാണ് പ്രതീക്ഷ.

എച്ച്.എം.ടിയുടെ ആസ്ഥാനമായ ബംഗളൂരുവിലാണ് പ്രധാനമായും വാച്ചുകൾ നിർമ്മിച്ചിരുന്നത്. 2016ൽ വാച്ച് നിർമ്മാണം നിറുത്തി. ട്രാക്ടർ, ലാമ്പുകൾ, ബെയറിംഗുകൾ എന്നിവയുടെ നിർമ്മാണവും വിവിധഘട്ടങ്ങളിലായി നിറുത്തിയിരുന്നു.

കളമശേരിക്കു പുറമേ ബംഗളൂരു, ഹൈദരാബാദ്, രാജസ്ഥാൻ, ഔറംഗാബാദ് യൂണിറ്റുകളാണ് ഭാഗികമായി പ്രവർത്തിക്കുന്നത്. 65-70 കോടി വിറ്റുവരവ് ഉണ്ടായിരുന്ന കളമശേരി യൂണിറ്റ് 2023-24ൽ പിന്നിലേക്ക് പോയി.

യൂണിറ്റുകൾ പുനരുദ്ധരിക്കും

 മെഷീൻ ടൂൾസ് നിർമിക്കുന്ന കളമശേരിയിലെ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ യൂണിറ്റുകൾ പുനരുദ്ധരിക്കും.

 ടെക്‌നിക്കൽ കമ്മിറ്റിക്ക് രൂപം നൽകുകയും ഏൺസ്റ്റ് ആൻഡ് യംഗ് (ഇ.വൈ) ഏജൻസിയെ കൺസൾട്ടൻസിയായി നിയമിക്കുകയും ചെയ്തു.

 തൊഴിലാളികളും മറ്റുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രത്തിന് റിപ്പോർട്ട് നൽകും.

കളമശേരി യൂണിറ്റിൽ നിർമ്മിക്കുന്നത്

മികവിൽ മുന്നിൽ

ട്രെയിനുകളുടെ ഏറെക്കാലം ഉപയോഗിച്ച ചക്രങ്ങൾ റീപ്രൊഫലൈംഗ് നടത്തി നിലവാരം ഉയർത്താനുള്ള കമ്പ്യൂട്ടർ ന്യൂമറിക്കൽ കൺട്രോൾ സർഫസ് വീൽ ലെയ്ത്ത് കളമശേരിയിലെ റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ടീം 2022ൽ വികസിപ്പിച്ചിരുന്നു. രാജ്യത്ത് പ്രിന്റിംഗ് പ്രസ് നിർമിക്കുന്ന ഏക പൊതുമേഖലാ സ്ഥാപനമാണ്. 1966 ജൂലായ് ഒന്നിനാണ് കളമശേരി യൂണിറ്റ് ഉദ്ഘാടനം ചെയ്തത്.

ജീവനക്കാരുടെ എണ്ണം

32,000 - 90കളിൽ വിവിധ യൂണിറ്രുകളിൽ

750- നിലവിൽ ആകെ ജീവനക്കാർ

125- കളമശേരിയിലെ സ്ഥിരം ജീവനക്കാർ

300- കളമശേരിയിലെ കരാർ തൊഴിലാളികൾ

5 ഫാക്ടറികൾ

ഇൻക്രിമെന്റും മറ്റ് ആനുകൂല്യങ്ങളും ഇല്ലെങ്കിലും ശമ്പളമുണ്ട്. 1953ൽ സ്ഥാപിതമായ എച്ച്.എം.ടിക്ക് ബംഗളൂരു, ഹൈദരാബാദ്, ഹരിയാന, കളമശേരി, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഫാക്ടറികളും ന്യൂഡൽഹി, കൊൽക്കത്ത, മുംബൈ, ചെന്നൈ എന്നിവിടങ്ങളിൽ റീജിയണൽ മാർക്കറ്റിംഗ് ഓഫീസുകളുമുണ്ട്.

എച്ച്.എം.ടി ഉത്പന്നങ്ങൾ എക്കാലത്തും വിശ്വാസ്യതയിൽ ഒന്നാമതായിരുന്നു. ഉത്പാദനം പുനരാരംഭിച്ചാൽ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഗുണകരമാകും.

പി.കൃഷ്ണദാസ്,

സെക്രട്ടറി,

എച്ച്.എം.ടി എംപ്ലോ. യൂണിയൻ (സി.ഐ.ടി.യു)