
കൊച്ചി: രണ്ടാംഘട്ട മെട്രോ നിർമ്മാണം പുരോഗമിക്കുന്നതിനിടെ കാക്കനാട് റൂട്ടിൽ ഗതാഗത കുരുക്ക് അതിരൂക്ഷമായി തുടരുന്നു. ഇടറോഡുകൾ നവീകരിക്കാത്തതും വീതി കൂട്ടാത്തതുമാണ് കാരണം. പാലാരിവട്ടം മുതൽ കാക്കനാട് വരെയുള്ള ഇടറോഡുകളുടെ നവീകരണം കെ.എം.ആർ.എൽ ഏറ്റെടുക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനായി കെ.എം.ആർ.എൽ. ആവശ്യപ്പെട്ട 10കോടി കിട്ടാതെ നടപടിയുണ്ടാകില്ലെന്നാണ് വിവരം. വാഴക്കാല- മൂലേപ്പാടം- മണ്ണാടി- പാലച്ചുവട് റോഡും വാഴക്കാല- എൻ.ജി.ഒ. ഫ്ലാറ്റ് - ഭാരതമാത റോഡും നവീകരിക്കാനായിരുന്നു കെ.എം.ആർ.എൽ. പദ്ധതി. ഫണ്ട് മുടങ്ങിയതോടെ ഇത് കടലാസിൽ മാത്രമായി.
ആദ്യ ഘട്ടത്തിൽ 21 റോഡുകളാണ് കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ അഞ്ചുവർഷ ഗ്യാരണ്ടിയിൽ വീതി കൂട്ടി ടാർ ചെയ്തു നൽകിയത്. അന്ന് പദ്ധതി തുകയ്ക്ക് പുറമേ ഇട റോഡുകളുടെ നവീകരണത്തിനുള്ള പ്രത്യേക ഫണ്ട് സംസ്ഥാന സർക്കാർ അതിവേഗം അനുവദിച്ചിരുന്നു. മെട്രോയുടെ രണ്ടാംഘട്ട നിർമ്മാണത്തിനുള്ള 50ശതമാനത്തിലേറെ തുക സംസ്ഥാന സർക്കാരും ബാക്കി തുകയിൽ 50ശതമാനത്തോളം കേന്ദ്രസർക്കാരുമാണ് അനുവദിക്കുന്നത്.
ഫണ്ട് കിട്ടിയില്ലെങ്കിൽ ശ്വാസംമുട്ടും
ഇടറോഡുകളുടെ നവീകരണം അടക്കമുള്ള അഡീഷണൽ വർക്കിന് പണം അനുവദിക്കണമെങ്കിൽ മെട്രോ നിർമ്മാണത്തിന്റെ പ്രധാന പദ്ധതി ഫണ്ട് ആദ്യം അനുവദിക്കണമെന്നത് വെല്ലുവിളി. ഇതിനുശേഷം മാത്രമേ ഇട റോഡുകളുടെ നവീകരണത്തിനുള്ള ഫണ്ട് അനുവദിക്കൂ.
ബദൽ ഗതാഗത റൂട്ടുകൾ ഒരുക്കിയില്ലെങ്കിൽ രണ്ടാം ഘട്ടത്തിലെ നിർമാണം സജീവമാകുന്നതോടെ കാക്കനാട്-സിവിൽലൈൻ റോഡ് ഗതാഗതക്കുരുക്കിൽ ശ്വാസംമുട്ടും.
പാലാരിവട്ടം-കാക്കനാട് സിവിൽ ലൈൻ റോഡിൽ ഹെവി വാഹനങ്ങൾ രാവിലെ മുതൽ രാത്രി ഒൻപത് വരെ നിയന്ത്രിക്കണമെങ്കിൽ ഇടറോഡുകൾ ടാർ ചെയ്യണം.
രണ്ടാം ഘട്ട മെട്രോ നിർമ്മാണത്തുക
ആകെ --- 1957.05 കോടി
കേന്ദ്ര സർക്കാർ ---338.75 കോടി
സംസ്ഥാന സർക്കാർ - 555.18 കോടി
എ.ഐ.ഐ.ബി ലോൺ - 1016.24 കോടി
കെ.എം.ആർ.എൽ ആവശ്യപ്പെട്ടിരിക്കുന്ന ഫണ്ട് സർക്കാരിൽ നിന്നും അനുവദിച്ചു കിട്ടിയാൽ മാത്രമേ ഇടറോഡുകളിൽ നവീകരണം തുടങ്ങാനാകൂ.
ലോക്നാഥ് ബഹ്റ
എം.ഡി, കെ.എം.ആർ.എൽ