തൃപ്പൂണിത്തുറ: കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത തൃപ്പൂണിത്തുറ നഗരസഭയുടെ വാട്ടർകിയോസ്ക് പദ്ധതി പാളി. കുടുംബശ്രീ വനിതകളുടെ ഉപജീവനത്തിനായി 25 ലക്ഷത്തോളം ചെലവഴിച്ച് നഗരസഭ ആവിഷ്കരിച്ച വാട്ടർ കിയോസ്‌ക് പദ്ധതികൊണ്ട് ആർക്കും പ്രയോജനമില്ലാതായി.
രണ്ടുരൂപ നിരക്കിൽ ഒരുലിറ്റർ ശുദ്ധീകരിച്ച വെള്ളം നൽകുന്ന പദ്ധതിയാണെന്ന് പറഞ്ഞാണ് 2023 ജനുവരിയിൽ ചൂരക്കാട് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിലും തിരുവാങ്കുളം മിനി ടൗൺഹാളിന് സമീപവും 2 വാട്ടർ കിയോസ്‌കുകൾ തുറന്നത്.
എന്നാൽ ചൂരക്കാട് നഗരസഭ ഷോപ്പിംഗ് കോംപ്ലക്സിന് പിന്നിൽ മലീമസമായ കിണറിന് സമീപത്തുള്ള ഇടുങ്ങിയ സ്ഥലത്ത് സ്ഥാപിച്ച പദ്ധതി ഏറ്റെടുത്തു നടത്താൻ കുടുംബശ്രീയൂണിറ്റ് മുന്നോട്ടുവന്നിട്ടില്ല. തിരുവാങ്കുളത്തും ഇതുതന്നെയാണ് അവസ്ഥ. 2 കിയോസ്കുകളും ഇതിനകം ഉപയോഗ ശൂന്യമായെന്നാണ് വിവരം.
ഇതിനിടെ 23-24 വാർഷികപദ്ധതി പ്രകാരം സെപ്റ്റംബർ 4ന് ഇരുമ്പനം പാറക്കടവിലും മകളിയത്തും ഇപ്രകാരം കഫേയൂണിറ്റുകൾ ഉൾപ്പെടെ 2 വാട്ടർ കിയോസ്കുകൾകൂടി സ്ഥാപിച്ചു. രണ്ടുയൂണിറ്റുകളും നടത്തിപ്പിനായി കൈമാറിയിട്ടുണ്ട്.
കുടിവെള്ളക്ഷാമം നേരിടുന്ന ഉൾനാടൻ ഗ്രാമമായ പാറക്കടവിൽ ആരും ശ്രദ്ധിക്കാത്ത പൊതുകിണറിന് പുറകിലായാണ് കിയോസ്ക് സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ സ്വന്തം കുപ്പിയുമായി വന്ന് 2രൂപയ്ക്ക് കുടിവെള്ളം ആരും വാങ്ങില്ലെന്നും വേണ്ടത് കുടിവെള്ള കണക്ഷനുകളാണെന്നും പ്രദേശവാസികൾ പറയുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തോളമായിട്ടും പേരിനുപോലും കുപ്പിവെള്ളം വിറ്റിട്ടില്ല. ഈ യൂണിറ്റ് സീപോർട്ട് എയർപോർട്ട് റോഡിൽ ആവശ്യക്കാർ ഏറെയുള്ള പെട്രോൾ കമ്പനികളുടെ സമീപത്ത് സ്ഥാപിച്ചാൽ പ്രയോജനപ്പെടുമായിരുന്നു.
പൊതുകിണറിലെ വെള്ളം ശുചീകരിച്ച് കുറഞ്ഞനിരക്കിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പദ്ധതിയാണെങ്കിലും മകളിയത്ത് കിണറില്ല. നഗരസഭയുടെ കുടിവെള്ള കണക്ഷനായതുകൊണ്ട് കുപ്പിക്ക് 25പൈസ നിരക്കിൽ നഗരസഭയിലടയ്ക്കണം. കൂടാതെ ഭീമമായ വൈദ്യുതിബില്ലും നടത്തിപ്പുകാർ അടയ്ക്കണം.
പദ്ധതി പൊളിയാൻ കാരണം
1. വെള്ളമെടുക്കാൻ കുപ്പികൾ ഉപഭോക്താവ് കൊണ്ടുവരണം
2. ഒന്നൊഴികെ സ്ഥാപിച്ചത് എല്ലാം ഉൾപ്രദേശങ്ങളിൽ
3. വരുമാന ഗ്യാരന്റിയില്ലാത്ത കച്ചവടം
4. പൈപ്പുവെള്ളം ഉപയോഗിച്ചാൽ ലഭിക്കുന്ന 2രൂപയിൽനിന്ന് നഗരസഭയയ്ക്ക് 25 പൈസ നല്കണം
5. ഭീമമായ വൈദ്യുത ചാർജ് നടത്തിപ്പുകാർ വഹിക്കണം
6. ശുദ്ധജല സ്രോതസുകളുടെ അഭാവം
7. ഫിൽറ്ററുകൾ സമയബന്ധിതമായി മാറ്റാനും ലാബ്ടെസ്റ്റ് റിപ്പോർട്ടുകളുടെ ചെലവും ആരു വഹിക്കുമെന്നതിൽ വ്യക്തതയില്ല