പെരുമ്പാവൂർ: കുടിവെള്ളം കിട്ടാക്കനിയായിരുന്ന വെങ്ങോലപഞ്ചായത്തിലെ പാലായികുന്ന് പ്രദേശത്ത് 25 വീടുകളിലേക്ക് കണക്ഷൻ കൊടുത്ത് പങ്കിമല കുടിവെള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് സംയുക്ത കുടിവെള്ള പദ്ധതി ജില്ലാപഞ്ചായത്ത് മെമ്പർ പി.എം. നാസർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം സജ്ന നസീർ അദ്ധ്യക്ഷയായി. വെങ്ങോല പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ടി.എം. ജോയ്, പഞ്ചായത്ത് അംഗങ്ങളായ പി.എച്ച്. ആതിര, രാജിമോൾ രാജൻ, ലക്ഷ്മി റെജി,രേഷ്മ അരുൺ എന്നിവർ സംസാരിച്ചു.