കൊച്ചി: ഇടപ്പള്ളി, കാക്കനാട്, എറണാകുളം തുടങ്ങി നഗരത്തിലെ വിവിധ പ്രധാനപ്പെട്ട പ്രദേശങ്ങളിലേക്കും നഗരത്തിന് പുറത്തേക്കുമായി ആയിരക്കണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന കളമശേരി എച്ച്.എം.ടി. ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനുള്ള ഗതാഗത പരിഷ്കാരം നാളെ മുതൽ നടപ്പിലാകും.
മന്ത്രി പി. രാജീവ്, ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാർ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലപരിശോധന നടത്തിയ ശേഷമാണ് രൂപം നൽകിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു ഭാഗത്തേക്കു ള്ള ഗതാഗതം വൺവേ ആക്കും. റൗണ്ട് എബൗട്ട് മാതൃകയിലാണ് നിയന്ത്രണം.
നിയന്ത്രണങ്ങൾ ഇങ്ങനെ:
* ആലുവ ഭാഗത്തുനിന്ന് എറണാകുളത്തേക്ക് - കളമശേരി ആര്യാസ് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞ് എച്ച്.എം.ടി. ജംഗ്ഷൻവഴി ടി.വി.എസ് കവലയിലെത്തി ദേശീയപാതയിലേക്ക്
* എറണാകുളത്തുനിന്ന് എച്ച്.എം.ടി ജംഗ്ഷനിലേക്ക് പോകേണ്ട വാഹനങ്ങൾ ആര്യാസ് ജംഗ്ഷനിൽനിന്ന് വലത്തേക്ക് തിരിഞ്ഞുപോകണം
* മെഡിക്കൽ കോളേജ്, എൻ.എ.ഡി റോഡ് എന്നീ ഭാഗങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾ എച്ച്.എം.ടി ജംഗ്ഷനിൽനിന്ന് ഇടത്തേക്കുതിരിഞ്ഞ് ടി.വി.എസ് ജംഗ്ഷനിൽ എത്തണം
* സൗത്ത് കളമശേരി ഭാഗത്തുനിന്ന് എച്ച്.എം.ടി ജംഗ്ഷനിലേക്ക് വരുന്ന വാഹനങ്ങൾ ടി.വി.എസ് കവലയിൽനിന്ന് ഇടത്തേക്കുതിരിഞ്ഞ് ആര്യാസ് ജംഗ്ഷനിലെത്തി വലത്തേക്ക് തിരിഞ്ഞ് റെയിൽവേ മേൽപ്പാലത്തിലൂടെ പോകണം
* ടി.വി.എസ്, ആര്യാസ് ജംഗ്ഷനുകളിലെ സിഗ്നൽസംവിധാനം ഒഫ് ചെയ്യുകയും ക്രോസിംഗ് ഒഴിവാക്കാൻ ഭാഗികമായി അടയ്ക്കുകയും ചെയ്യും
* ടി.വി.എസ് ജംഗ്ഷൻ മുതൽ ആര്യാസ് ജംഗ്ഷൻവരെ ദേശീയപാതയുടെ രണ്ടു ഭാഗവും വൺവേ ട്രാഫിക്
* നിലവിലെ പൊതുമരാമത്ത് റോഡും വൺവേ ആക്കും.
* എച്ച്.എം.ടി ജംഗ്ഷനിലെ ആലുവ ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പ് നിലവിലുള്ളതിന്റെ എതിർദിശയിലേക്ക് മാറ്റും
* കാക്കനാട്, മെഡിക്കൽ കോളേജ് ഭാഗത്തുനിന്നും വരുന്ന ബസുകൾക്ക് എച്ച്.എം.ടി ജംഗ്ഷനിൽ ബസ് സ്റ്റോപ്
* മെട്രോ സ്റ്റേഷന് സമീപം പുതിയ ബസ് സ്റ്റോപ്പ്.
* എച്ച്.എം.ടിയിൽ ഓട്ടോറിക്ഷകൾക്കുവേണ്ടി പ്രത്യേക ക്രമീകരണം
* എറണാകുളത്തു നിന്നുള്ള വാഹനങ്ങൾക്ക് ടി.വി.എസ് ജംഗ്ഷനിൽ യൂടേൺ.
ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പരിഷ്‌കാരം വിജയകരമാ യാൽ പിന്നീട് സ്ഥിരമാക്കും
പി. രാജീവ്
വ്യവസായമന്ത്രി