 
പെരുമ്പാവൂർ: മലയാറ്റൂർ ഭാഗത്തുനിന്ന് പാലം കടന്ന് അംഗൻവാടി വഴിയിലൂടെ കടന്നുപോയ ഓയിൽ ടാങ്കറിൽ നിന്ന് ലീക്കായി റോഡിലൂടെ ഒഴുകിയ ഓയിലിൽ തെന്നി മറിഞ്ഞ് 30 മിനിറ്റിനുള്ളിൽ സംഭവിച്ചത് നിരവധി അപകടങ്ങൾ. ഒരു ബൈക്ക് യാത്രക്കാരന്റെ മുകളിൽ മൂന്ന് ബൈക്കുകൾ വരെ മറിഞ്ഞുവീണ സംഭവം വരെയുണ്ടായി. രണ്ടു വളവുകളിലായിട്ടാണ് റോഡിൽ ഓയിൽ വീണുകിടന്നിരുന്നത്.
കോടനാട് ജനകീയ വികസന സമിതിയുടെ സന്ദർഭോചിതമായ ഇടപെടൽ മൂലമാണ് കൂടുതൽ അപകടങ്ങൾ ഒഴിവായത്. വികസന സമിതി അംഗങ്ങൾ ഉടൻ തന്നെ റോഡിൽ ഇറങ്ങി മണ്ണ് വാരി ഇടുകയും, ഫയർഫോഴ്സിനെ വിവരം അറിയിച്ച് അവരുടെ നേതൃത്വത്തിൽ സോപ്പു പൊടി ഇട്ട് റോഡ് കഴുകുകയും ചെയ്തു. പെരുമ്പാവൂർ അഗ്നിരക്ഷാനിലയത്തിൽ നിന്ന് സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബി.സി. ജോഷി, നൗഷാദ്, ജെയ്സ് ജോയി, എസ്.വി. ശ്രീക്കുട്ടൻ, സോമി ജോസഫ് എന്നിവർ റോഡ് ശുചിയാക്കലിൽ പങ്കെടുത്തു.