കൊച്ചി: ലോകത്തെ സമഗ്ര ആരോഗ്യരംഗത്തിന്റെ പതാക വാഹകരായി ഇന്ത്യയെ മാറ്റിയത് രാജ്യത്തിന്റെ പരമ്പരാഗത ആരോഗ്യ മേഖലയിലെ മഹത്തായ പാരമ്പര്യമാണെന്ന് കാഠ്മണ്ഡു സർവകലാശാല ഡീൻ ഡോ. മനോജ് ഹുമഗെയ്ൻ പറഞ്ഞു. അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിലെ ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സൺ ഫാർമസി ഇൻഡസ്ട്രീസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് ഡോ. അജയ് ജയ്‌സിംഗ് ഖോപ്‌ഡെ അമൃത സ്‌കൂൾ ഒഫ് ഫാർമസി ബിരുദദാന ചടങ്ങിൽ മുഖ്യാതിഥിയായി.
മാതാ അമൃതാനന്ദമായി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.
അമൃത വിശ്വവിദ്യാപീഠത്തിന് കീഴിൽ കൊച്ചി ക്യാമ്പസിലുള്ള സ്‌കൂൾ ഒഫ് മെഡിസിൻ, സ്‌കൂൾ ഒഫ് ഫാർമസി, കോളേജ് ഒഫ് നേഴ്‌സിംഗ്, സ്‌കൂൾ ഒഫ് അലെയ്ഡ് ഹെൽത്ത് സയൻസ്, സ്‌കൂൾ ഒഫ് ഡെന്റസ്ട്രി, സ്‌കൂൾ ഒഫ് ബിസിനസ്, സ്‌കൂൾ ഒഫ് നാനോ സയൻസ് ആൻഡ് മോളിക്യുലാർ എനർജി എന്നിവിടങ്ങളിലെ 681 വിദ്യാർത്ഥികൾക്ക് ബിരുദദാനം നിർവഹിച്ചു.
അമൃത ഹോസ്പിറ്റൽ ഗ്രൂപ്പ് മെഡിക്കൽ ഡയറക്ടറും പ്രോവോസ്റ്റുമായ ഡോ. പ്രേം നായർ, അമൃത വിശ്വവിദ്യാപീഠം എക്‌സാമിനേഷൻ കൺട്രോളർ ഡോ. ആർ ദണ്ഡപാണി, അമൃത സ്‌കൂൾ ഒഫ് മെഡിസിൻ പ്രിൻസിപ്പൽ ഡോ. ഗിരീഷ് കുമാർ, ഏർണസ്റ്റ് ആൻഡ് യംഗ് അസോസിയേറ്റ് ഡയറക്ടർ ജീവൻ ശശിധരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.