വൈപ്പിൻ: നിരോധിത മേഖലയിൽ മീൻപിടിച്ചതിനും പെലാജിക് വല ഉപയോഗിച്ച് മീൻ പിടിച്ചതിനും ബോട്ട് കസ്റ്റഡിയിലെടുത്തു. രണ്ടരലക്ഷം രൂപ പിഴയിട്ടു. ഭാരത് പെട്രോളിയം കോർപ്പറേഷന്റെ ക്രൂഡ് ഓയിൽ പമ്പിംഗ് സ്റ്റേഷന് സമീപം മീൻ പിടിച്ചതിന് അറഫ എന്ന ബോട്ടാണ് പിടിയിലായത്. ബി.പി.സി.എൽ മറൈൻ ഗാർഡ് തടഞ്ഞ് വൈപ്പിൻ ഫിഷറീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ലാലിന് കൈമാറുകയായിരുന്നു. അനധികൃത പെലാജിക് വല പിടിച്ചെടുത്തു. ബോട്ടിലെ മീൻ ലേലം ചെയ്തു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ. ബെൻസൻ തുടർ നടപടികൾക്ക് ശേഷം പിഴ അടപ്പിച്ചു. പ്രദേശത്ത് മീൻപിടിത്തം പാടില്ലെന്നും പെലാജിക് വല ഉപയോഗിക്കുന്നത് കർശനമായി തടയുമെന്നും ഫിഷറീസ് അസി. ഡയറക്ടർ പി.അനീഷ് അറിയിച്ചു.