school
മുളവൂർ ഗവ.യു പി സ്കൂൾ

മുവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ മുളവൂർ ഗവ. യു.പി സ്‌കൂളിൽ പുതിയ അക്കാഡമിക് ബ്ലോക്കുകളുടെ നിർമ്മാണത്തിന് 1.30 കോടി രൂപ അനുവദിച്ചതായി ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്ന്‌ 80 ലക്ഷം രൂപയും എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയുമാണ് അനുവദിച്ചത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച കെട്ടിട നിർമ്മാണ പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ നിലവിൽ പൂർത്തീകരിച്ചു. 1800 ചതുരശ്രയടി ചുറ്റളവിലാണ് കെട്ടിടം നിർമ്മിക്കുന്നത്. ഭിന്നശേഷി സൗഹാർദ്ദപരമായിരിക്കും കെട്ടിടം. 6 മാസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തീകരിക്കും. യു.പി വിഭാഗത്തിലെ പ്രധാനപ്പെട്ട വിദ്യാലയമാണ് മുളവൂർ യു.പി സ്‌കൂൾ. 1 മുതൽ 7 വരെ ക്ലാസുകളിലായി 200 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്. മുളവൂർ ഗവ. യു.പി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. മുളവൂർ സ്കൂൾ ഹൈസ്‌കൂൾ ആയി ഉയർത്തി ഹൈടെക് ആക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി വി. ശിവൻകുട്ടിക്ക് എം.എൽ.എയുടെ നേതൃത്വത്തിൽ മുൻ പി.ടി.എ ഭാരവാഹികളും ജനപ്രതിനിധികളും ചേർന്ന് നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് പുതിയ കെട്ടിടത്തിനായി വിദ്യാഭ്യാസ വകുപ്പിൽ നിന്ന് 80 ലക്ഷം രൂപ അനുവദിച്ചത്.