കൊച്ചി: സഭാ തർക്കം നിലനിൽക്കുന്ന ആറ് പള്ളികൾ ഏറ്റെടുക്കണമെന്ന കോടതി ഉത്തരവ് നടപ്പാക്കാത്തതിൽ എറണാകുളം, പാലക്കാട് ജില്ലാ ഭരണകൂടങ്ങൾക്ക് ഹൈക്കോടതിയുടെ വിമർശനം. വിധി നടപ്പാക്കാത്ത പക്ഷം ചീഫ് സെക്രട്ടറി അടക്കം ഹാജരാകേണ്ടി വരുമെന്ന് വാദത്തിനിടെ കോടതി മുന്നറിയിപ്പ് നൽകി. ഇതുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ ഹർജികൾ ഈ മാസം 7ന് വീണ്ടും പരിഗണിക്കും.

എറണാകുളം ജില്ലയിലെ ഓടക്കാലി സെന്റ് മേരീസ്, പോത്താനിക്കാട് പുളിന്താനം സെന്റ് ജോൺസ്, മഴുവന്നൂർ സെന്റ് തോമസ് പള്ളികളും പാലക്കാട് ജില്ലയിലെ മംഗലംഡാം സെന്റ് മേരീസ്, എരിക്കിൻചിറ സെന്റ് മേരീസ്, ചെറുകുന്നം സെന്റ് തോമസ് പള്ളികളും ഏറ്റെടുക്കാനാണ് കളക്ടർമാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ ഒരുവിഭാഗം വിശ്വാസികളുടെ ചെറുത്തുനിൽപ്പ് കാരണം ഓരോ തവണയും പൊലീസ്, ഉദ്യോഗസ്ഥ സംവിധാനങ്ങൾ പിൻവാങ്ങുകയായിരുന്നു.