കൊച്ചി: നിരന്തരമായ പ്രക്രിയയിലൂടെ ഹരിതക്രമം ജീവിതശൈലിയാക്കി മാറ്റിയെങ്കിലേ ഹരിതവ്യവസ്ഥിതി രൂപപ്പെടുത്തിയെടുക്കാൻ കഴിയൂ എന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യമന്ത്രി ജി.ആർ. അനിൽ പറഞ്ഞു. ചാവറ കൾച്ചറൽ സെന്ററിൽ ലോക ഹരിത ഉപഭോക്തൃ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ അവകാശങ്ങളും ഹരിതവിഷയവും പാഠ്യവിഷയമാക്കുന്നതിന് വിദ്യാഭ്യാസ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ഉപഭോക്തൃരംഗത്തെ പ്രധാനപ്രശ്‌നം ഉപയോക്താക്കളുടെ അറിവില്ലായ്മയാണെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രസിഡന്റ് ഡി.ബി. ബിനു അദ്ധ്യക്ഷനായി. മാദ്ധ്യമപ്രവർത്തകൻ മാത്യൂസ് വർഗീസ്, പരിസ്ഥിതി പ്രവർത്തകൻ അഡ്വ. ഹരീഷ് വാസുദേവൻ , ഹരിതമിഷൻ കൊച്ചി കോർപ്പറേഷൻ കോ ഓർഡിനേറ്റർ നിസ, ഫാ. അനിൽ ഫിലിപ്പ് എന്നിവർ സംസാരിച്ചു.

ചാവറ കൾച്ചറൽ സെന്ററിൽ ഹരിത ഓഫീസ് പ്രഖ്യാപനവും കൊച്ചിൻ കോളേജ്, സ്‌കൂൾ ഒഫ് ടെക്‌നോളജി ആൻഡ് അപ്‌ളൈഡ് സയൻസ് ഇടപ്പള്ളി, എറണാകുളം സൗത്ത് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ കൺസ്യൂമർ ക്ലബുകളുടെ പ്രഖ്യാപനവും മന്ത്രി നിർവഹിച്ചു.