കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകളുടെ പരാതികൾ സ്വീകരിക്കാൻ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌ക രൂപീകരിച്ച കമ്മിറ്റിക്ക് നിയമസാധുതയില്ലെന്ന് കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സ്. സിനിമാ സെറ്റുകളിൽ രൂപീകരിക്കുന്ന ആഭ്യന്തര പരാതി സമിതിക്ക് (ഐ.സി.സി ) മാത്രമാണ് പരാതികൾ സ്വീകരിക്കാനും നടപടി സ്വീകരിക്കാനും അധികാരമെന്ന് ചേംബർ ജനറൽ സെക്രട്ടറി സജി നമ്പ്യാട്ട് അറിയിച്ചു.

സിനിമയിലെ വനിതാ കൂട്ടായ്‌മ നൽകിയ ഹർജിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരവും വനിതാ കമ്മിഷന്റെയും സർക്കാരിന്റെയും നിർദ്ദേശപ്രകാരവും ഫിലിം ചേംബറിന്റെ നേതൃത്വത്തിൽ എല്ലാ ഷൂട്ടിംഗ് സ്ഥലങ്ങളിലും ഐ.സി.സികൾ രൂപീകരിച്ചിട്ടുണ്ട്. ഇവയുടെ പ്രവർത്തനം നിരീക്ഷിക്കാനുള്ള ചേംബറിന്റെ സമിതി 2022 സെപ്തംബർ 27ന് വനിതാ കമ്മിഷൻ ചെയർപേഴ്സൺ പി. സതീദേവി പങ്കെടുത്ത യോഗത്തിൽ രൂപീകരിച്ചു. പരാതികളിൽ ഇടപെടാൻ സമിതിക്ക് മാത്രമാണ് അധികാരം.

സ്വന്തം താത്പര്യപ്രകാരം ഫെഫ്‌ക കമ്മിറ്റി രൂപീകരിച്ചത് പൊതുജനങ്ങളിൽ ആശയക്കുഴപ്പം സൃഷ്‌ടിക്കും. ചേംബറിന്റെ സമിതികൾക്കല്ലാതെ, സംഘടനകൾ സ്വന്തം നിലയിൽ രൂപീകരിക്കുന്ന സമിതികൾക്ക് നിയമസാധുതയില്ലെന്നും അദ്ദേഹം പറഞ്ഞു.