കൊച്ചി: പെട്രോൾപമ്പ് ജീവനക്കാരനെ മർദ്ദിച്ച കേസിൽ കാറിലെത്തിയ രണ്ടുപേർക്കെതിരെ എറണാകുളം നോർത്ത് പൊലീസ് കേസെടുത്തു. കതൃക്കടവ് ഐ.ഒ.സി പെട്രോൾ പമ്പിൽ ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടിനായിരുന്നു സംഭവം. പമ്പിലെ അക്കൗണ്ടന്റ് പെരുമ്പാവൂർ പോഞ്ഞാശേരി ഇലവുംകുടിവീട്ടിൽ ഫാസിൽ ജമാലിനാണ് (26) മർദനമേറ്റത്. മർദിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കാറിലുണ്ടായിരുന്നവർക്കെതിരെ കേസെടുത്തത്. സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കാർ പമ്പിൽനിന്ന് ഇറങ്ങിയപ്പോൾ സുരക്ഷാവേലിയിൽ ഉരഞ്ഞതിനെത്തുടർന്ന് വേലിമാറ്റാൻ കാറിലുള്ളവർ ഫാസിലിനോട് ആവശ്യപ്പെട്ടു. ഇത് പറ്റില്ലെന്ന് പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.