arm

കൊച്ചി: പതിനേഴ് ദിവസംകൊണ്ട് ലോകവ്യാപകമായി 100 കോടി രൂപയുടെ കളക്ഷൻ നേടി 'എ.ആർ.എം" മലയാള സിനിമയിൽ വിസ്‌മയം സൃഷ്‌ടിച്ചു. നടൻ ടോവിനോ തോമസിന്റെയും ആദ്യത്തെ 100 കോടി ചിത്രമായി എ.ആർ.എം മാറി. സംവിധാനം ചെയ്ത ആദ്യ ചിത്രം 100 കോടി നേടിയത് ജിതിൻ ലാലിനും നേട്ടമായി. സുജിത്ത് നമ്പ്യാരാണ് രചന നിർവഹിച്ചത്.

പ്രായഭേദമെന്യേ എല്ലാ പ്രേക്ഷകരും സിനിമ തിയേറ്ററുകളിൽ കാണാൻ തീരുമാനിച്ചത് ഗുണം ചെയ്തതായി നിർമ്മാതാവ് ലിസ്‌റ്റിൻ സ്‌റ്റീഫൻ പറഞ്ഞു.

മാജിക് ഫ്രെയിംയ്‌സിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനൊപ്പം യു.ജി.എം മോഷൻ പിക്‌ചേഴ്‌സിന്റെ ഡോ. സക്കറിയ തോമസും നിർമ്മാണ പങ്കാളിയാണ്. അകമഴിഞ്ഞ പിന്തുണയാണ് ലോകമെമ്പാടും പ്രേക്ഷകർ നൽകിയതെന്ന് ലിസ്റ്റിൻ സ്‌റ്റീഫൻ പറഞ്ഞു.

തമിഴ്, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി എന്നിവരാണ് നായികമാരായി എത്തിയത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, കബീർ സിംഗ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും പ്രധാന വേഷങ്ങൾ ചെയ്തു.