കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രം, പറവൂർ ദക്ഷിണ മൂകാംബി ക്ഷേത്രം എന്നിവയുൾപ്പെടെ ജില്ലയിലെ പ്രമുഖക്ഷേത്രങ്ങളിൽ പത്ത് ദിവസത്തെ നവരാത്രി - വിജയദശമി ആഘോഷങ്ങൾക്ക് ഒരുക്കം പൂർത്തിയായി.

ചോറ്റാനിക്കരയിൽ 3ന് വൈകിട്ട് 5.30ന് കലാസാംസ്കാരിക സമ്മേളനം സംവിധായകൻ ഷാജി കൈലാസ് ഉദ്ഘാടനം ചെയ്യും. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. സുദർശൻ അദ്ധ്യക്ഷത വഹിക്കും. മുൻ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ് വിശിഷ്ടാതിഥിയാകും.

13വരെ നീളുന്ന ഉത്സവത്തോടനുബന്ധിച്ച് സംഗീതോത്സവം, കഥകളി, തിരുവാതിരകളി, നൃത്തനൃത്യങ്ങൾ, സംഗീതക്കച്ചേരി, കൈകൊട്ടിക്കളി, ചിന്തുപാട്ട്, കർണാട്ടിക് ഭജൻസ്, സോപാനസംഗീതം, ഓട്ടൻതുള്ളൽ, ബാലേ, പഞ്ചവാദ്യം തുടങ്ങിയവ അരങ്ങേറും.

ദക്ഷിണ മൂകാംബി ക്ഷേത്രത്തിൽ 3ന് വൈകിട്ട് 6ന് ഹൈബി ഈഡൻ എം.പി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും. ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് സജി നമ്പിയത്ത് അദ്ധ്യക്ഷനാകും. സംഗീതാർച്ചന, നൃത്താഞ്ജലി എന്നിവയുണ്ടാകും. തുടർന്ന് വിജയദശമിദിനം വരെ അഷ്ടാഭിഷേകം, ചിറപ്പ്, കളഭം, ദേവീപാരായണം എന്നിവയുണ്ടാകും. സരസ്വതീപൂജ, ശ്രീവിദ്യാമന്ത്രാർച്ചന, ഭഗവതിസേവ എന്നിവയാണ് പ്രധാന വഴിപാടുകൾ. ഒന്നാം ദിവസം മുതൽ സരസ്വതി മണ്ഡപത്തിൽ കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും.

എറണാകുളം കലൂർ പാവക്കുളം ശ്രീമഹാദേവ ക്ഷേത്രത്തിൽ ഗണപതിഹോമം, കലാപരിപാടികൾ, 13ന് സരസ്വതിപൂജ, വിദ്യാരംഭം, സോപാന സംഗീതോത്സവം എന്നിവ നടക്കും. പോണേക്കാവ് ഭഗവതിക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങൾ 3ന് വൈകിട്ട് 6.50ന് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് പി.ജി. അജിത് കുമാർ ഉദ്ഘാടനം ചെയ്യും. മേൽശാന്തി എരവിമംഗലംമന ശ്രീജിത് നമ്പൂതിരി ഭദ്രദീപം തെളിക്കും. 13ന് സമാപന ചടങ്ങുകൾ കവിയും ഗാനരചയിതാവുമായ ബൽറാം ഏറ്റിക്കര ഉദ്ഘാടനം ചെയ്യും.