അങ്കമാലി: ഞായറാഴ്ച രാത്രിയുണ്ടായ ശക്തിയായ ഇടിമിന്നലിൽ മൂന്ന് പേർക്ക് പൊള്ളലേറ്റു. അങ്കമാലി എടത്തോട് ചിറയപറമ്പിൽ വീട്ടിൽ ഷൈജൻ (48), മകൻ ഷാൻ (25), ഷാനിന്റെ ഭാര്യ സോന (22) എന്നിവർക്കാണ് പൊള്ളലേറ്റത്. ഞായറാഴ്ച രാത്രി ഒമ്പതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഇടിമിന്നലേറ്റത്. ഷൈജനും ഷാനിനും ചെറിയ രീതിയിലാണ് പൊള്ളലേറ്റത്. കാര്യമായി പൊള്ളലേറ്റ സോനയെ അങ്കമാലി താലൂക്ക് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരുടെ രണ്ട് കുഞ്ഞുങ്ങൾ പൊള്ളലേൽക്കാതെ രക്ഷപ്പെട്ടു. ഷൈജനും കുടുംബവും എടത്തോട് വാടകയ്ക്കാണ് താമസിക്കുന്നത്. ഇവരുടെ വീട്ടിലെ ഫ്രിഡ്ജ്, മൂന്ന് ഫാൻ, സ്റ്റെബിലൈസർ എന്നിവയെല്ലാം നശിച്ചു. മെയിൻസ്വിച്ച് കത്തി. ഞായറാഴ്ചയുണ്ടായ ശക്തിയായ കാറ്റിൽ മണിയംകുളം ഭാഗത്തും മറ്റുമായി ആറ് വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണിരുന്നു. തിങ്കളാഴ്ച വൈകീട്ടോടെയാണ് വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചത്.