കൊച്ചി: സിനിമയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളിൽ പരാതികൾ സ്വീകരിക്കാനും നടപടിയെടുക്കാനും മറ്റൊരു സംഘടനയുടെയും അനുമതി ആവശ്യമില്ലെന്ന് സാങ്കേതികപ്രവർത്തകരുടെ സംടനയായ ഫെഫ്‌ക. ഫെഫ്‌ക രൂപീകരിച്ച കോർ കമ്മിറ്റിയുടെ പ്രവർത്തനം ശക്തമായി തുടരുമെന്ന് ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു.
ഫെഫ്‌കയുടെ കോർ കമ്മിറ്റി നിയമവിരുദ്ധമാണെന്ന കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്‌സിന്റെ പ്രസ്താവന തള്ളിയാണ് വിശദീകരണം. തൊഴിലാളികളുടെ സംരക്ഷണത്തിനും ക്ഷേമപ്രവർത്തനങ്ങൾക്കും തർക്കപരിഹാരത്തിനും ഉപസമിതികൾ രൂപീകരിക്കാൻ തൊഴിലാളി സംഘടനയായ ഫെഫ്‌കയ്ക്ക് അവകാശമുണ്ട്.
ഫിലിം ചേംബർ രൂപീകരിച്ച നിരീക്ഷണ സമിതി തൊഴിലിടങ്ങളിലെ ആഭ്യന്തര പരാതി പരിഹാര സമിതികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വേണ്ടിയാണ്. സിനിമയിലെ മുഴുവൻ സംഘടനകളുടെയും പ്രതിനിധികളെ ഉൾപ്പെടുത്തി ആഭ്യന്തര സമിതികൾ രൂപീകരിക്കാൻ വനിതാ കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ഓരോ സംഘടനകളിൽ നിന്നും മൂന്നുപേരെ വീതം ഉൾപ്പെടുത്തി ചേംബർ നിരീക്ഷണ സമിതി രൂപീകരിച്ചത്. സർക്കാർ നിയോഗിച്ച കമ്മിറ്റിയല്ല അവ.

ഫെഫ്ക രൂപീകരിച്ച കോർ കമ്മിറ്റി സ്ഥിരം സംവിധാനമാണ്. ട്രേഡ് യൂണിയനുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് കോർ കമ്മിറ്റി പരിശോധിക്കുക. മറ്റു പരാതികൾ ഷൂട്ടിംഗ് തൊഴിലിടത്തെ ആഭ്യന്തര പരാതി പരിഹാര സമിതികൾക്ക് വിടുകയാണ് ചെയ്യുന്നത്. ഇക്കാര്യം നിർമ്മാതാക്കളുടെ സംഘടനയെയും ഫിലിം ചേംബറിനെയും അറിയിച്ചിട്ടുള്ളതാണെന്നും ഉണ്ണികൃഷ്ണൻ വാർത്താക്കുറിപ്പിൽ പറഞ്ഞു.