കൊച്ചി: സർക്കാരിന്റെ പക പോക്കൽ നടപടികളെ തുടർന്ന് നാല് വർഷം സർവീസ് ബാക്കി നിൽക്കേ പൊലീസ് ഇൻസ്പെക്ടർ സ്വയം സർവീസിൽ നിന്ന് വിരമിച്ചു. ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഇൻസ്പെക്ടർ പി.ആർ. സരീഷാണ് ഇന്നലെ സർവീസ് അവസാനിപ്പിച്ച് സേനയുടെ പടിയിറങ്ങിയത്.
ഏറെക്കാലം വിജിലൻസിലായിരുന്ന ഇദ്ദേഹം കെ.എം. മാണിക്കെതിരായ കേസിൽ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അന്ന് സ്വീകരിച്ച നടപടികളുടെ പേരിൽ പ്രൊമോഷനുൾപ്പെടെ തടഞ്ഞിട്ടിരിക്കുകയായിരുന്നത്രെ.
തൃശൂർ വിജിലൻസ് ഇൻസ്പെക്ടറായിരിക്കെ ലൈഫ് മിഷൻ കേസിൽ പ്രാഥമിക അന്വേഷണം നടത്തിയതും സരീഷാണ്. 2014ൽ പാറ്റൂർ ഭൂമി ഇടപാടുകേസിലെ അന്വേഷണസംഘത്തിലും അംഗമായിരുന്നു. ജൂനിയർ ഓഫീസർമാർക്ക് കീഴിൽ ജോലി ചെയ്യേണ്ട അവസ്ഥയും ഉണ്ടായിട്ടുണ്ട്. മാസങ്ങളായി ശമ്പളമില്ലാത്ത അവധിയിലുമായിരുന്നു.
തൃശൂർ സ്വദേശിയായ ഇദ്ദേഹത്തിന്റെ വിരമിക്കൽ അപേക്ഷ അംഗീകരിച്ച് പൊലീസ് മേധാവി ഷെയ്ക്ക് ദർവേഷ് സാഹബ് ഈ മാസം 23ന് ഉത്തരവിറക്കി. 2028 മേയിലാണ് പെൻഷനാകേണ്ടത്. 20 വർഷവും പത്ത് മാസവും സേനയിലുണ്ടായിരുന്നു. യാത്രയയപ്പോ ഉപഹാരം നൽകലോ വേണ്ടെന്ന് സരീഷ് സഹപ്രവർത്തകരെ അറിയിച്ചിരുന്നു. ഇന്നലെ സ്റ്റേഷനിലെ എസ്.ഐയ്ക്ക് വിരമിക്കൽ ചടങ്ങ് ഒരുക്കിയിരുന്നെങ്കിലും ഇദ്ദേഹം പങ്കെടുത്തില്ല.