
ന്യൂഡൽഹി. സീതാറാം യെച്ചൂരിക്കു പകരം സി.പി.എം ജനറൽ സെക്രട്ടറിയുടെ ചുമതല ആർക്കു നൽകണമെന്നതിൽ തീരുമാനം വൈകില്ല. ഈമാസം 27ന് പൊളിറ്റ് ബ്യൂറോ യോഗവും, 28,29 തീയതികളിൽ കേന്ദ്രകമ്മിറ്റിയും ചേരും. കേന്ദ്രകമ്മിറ്റിയിലാകും അന്തിമ തീരുമാനം. ഇന്നലെ യെച്ചൂരിയുടെ ഭൗതികശരീരം, അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം എയിംസിന് കൈമാറിയ ശേഷം പൊളിറ്റ് ബ്യുറോ അംഗങ്ങൾ അനൗദ്യോഗിക കൂടിയാലോചനകൾ നടത്തിയെങ്കിലും ഒരു പേരിലേക്ക് ഇനിയും എത്തിയിട്ടില്ല. പി.ബി.അംഗങ്ങൾ യെച്ചൂരിയുടെ ഭൗതികദേഹത്തിൽ പാർട്ടി പതാക പുതപ്പിച്ച് അന്തിമാഭിവാദ്യം അർപ്പിച്ചപ്പോൾ പ്രകാശ് കാരാട്ടായിരുന്നു അതിന് നേതൃത്വം നൽകിയത്. മുൻ ജനറൽ സെക്രട്ടറി എന്ന നിലയിലായിരുന്നു അത്.
മധുരയിൽ അടുത്തവർഷം ഏപ്രിൽ രണ്ടു മുതൽ ആറുവരെ നടക്കുന്ന സി.പി.എം പാർട്ടി കോൺഗ്രസിലാണ് അടുത്ത ജനറൽ സെക്രട്ടറിയെ തീരുമാനിക്കേണ്ടതെങ്കിലും അതുവരെ സ്ഥാനം ഒഴിച്ചിടേണ്ടതില്ലെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ.കേന്ദ്ര കമ്മിറ്റി യോഗം വരെ പി.ബിയിലെ പാർട്ടി സെന്റർ തന്നെ തത്ക്കാലം ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു മുന്നോട്ടു പോകാനാണ് സാധ്യത. യെച്ചൂരിയെ അനുസ്മരിക്കാൻ പാർട്ടിയുടെ അനുശോചന യോഗം ഉടൻ ചേരുന്നുണ്ട് . മുഖ്യമന്ത്രി പിണറായി വിജയനും, മറ്റു മുതിർന്ന നേതാക്കളും ഇന്നലെ തന്നെ കേരളത്തിലേക്ക് മടങ്ങി.