
തിരുവനന്തപുരം: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കു പിൻഗാമിയെ തീരുമാനിക്കുന്നതടക്കമുള്ള കാര്യങ്ങൾ ഇന്ന് ഡൽഹിയിൽ ആരംഭിക്കുന്ന പാർട്ടി കേന്ദ്ര നേതൃയോഗം ചർച്ച ചെയ്യും. ഇന്നും നാളെ ഉച്ചവരെയും പൊളിറ്റ് ബ്യൂറോ യോഗവും, നാളെ ഉച്ചയ്ക്കു ശേഷംയെച്ചൂരി അനുസ്മരണവും 29, 30 തീയതികളിൽ കേന്ദ്രകമ്മിറ്റി യോഗവും നടക്കും.
പി.ബി യോഗത്തിൽ പാർട്ടി സെക്രട്ടറിയുടെ ചുമതല ആർക്കു നൽകണമെന്ന കാര്യത്തിൽ ധാരണയിലെത്തും. ഇത് നിർദ്ദേശമായി കേന്ദ്ര കമ്മിറ്റിയുടെ മുമ്പിൽ അംഗീകാരത്തിനു സമർപ്പിക്കും. പി.ബി നിർദ്ദേശത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് തള്ളിക്കളഞ്ഞ് മറ്റൊരാളെ നിയോഗിക്കാനും കേന്ദ്ര കമ്മിറ്റിക്കു കഴിയും. യെച്ചൂരി ആദ്യം പാർട്ടി ജനറൽ സെക്രട്ടറി ആയപ്പോൾ പി.ബിയിലെ ഭൂരിപക്ഷ താത്പര്യം എസ്. രാമചന്ദ്രൻ പിള്ളയോടായിരുന്നു. വി.എസ് ഒഴികെ, കേരള ഘടകത്തിന്റെ പൊതു നിലപാടും അതായിരുന്നു. എന്നാൽ കേന്ദ്ര കമ്മിറ്റിയിൽ യെച്ചൂരിക്കു ഭൂരിപക്ഷം ലഭിക്കുമെന്ന സ്ഥിതിയായിരുന്നതിനാൽ എസ്.ആർ.പി മത്സരത്തിനില്ലെന്നു പറഞ്ഞ് പിൻമാറുകയായിരുന്നു.
പാർട്ടി കോൺഗ്രസിനു ഏഴുമാസം ബാക്കിയുള്ളതിനാൽ പകരം ചുമതല നൽകാതെ പുതിയ ജനറൽ സെക്രട്ടറിയെ തന്നെ തീരുമാനിക്കണമെന്ന വാദമുണ്ട്. കേരളത്തിൽ നിന്ന് എം.എ. ബേബിയുടെ പേര് സജീവമായി പരിഗണിക്കപ്പെടുന്നുണ്ട്. എന്നാൽ കേരള ഘടകത്തിന്റെ, പ്രത്യേകിച്ച് മുഖ്യമന്ത്രിയുടെ നിലപാട് നിർണായകമാകും. പി.ബി അംഗങ്ങളായ ബേബി, പിണറായി വിജയൻ, എ. വിജയരാഘവൻ, എം.വി. ഗോവിന്ദരെക്കൂടാതെ ഇ.പി. ജയരാജൻ, എ.കെ. ബാലൻ, ഡോ. ടി.എം. തോമസ് ഐസക്, എളമരം കരീം,
പി.കെ. ശ്രീമതി,കെ.കെ. ശൈലജ, കെ. രാധാകൃഷ്ണൻ കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.സതീദേവി, സി.എസ്.സുജാത എന്നിവരാണ് കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങൾ.
പാർട്ടി കോൺഗ്രസ് വരെ മുൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ പ്രകാശ് കാരാട്ടിനു ചുമതല നൽകുക, പ്രായ പരിധിയിൽ ഇളവു നൽകി വൃന്ദാ കാരാട്ടിനു വനിതയെന്ന നിലയിൽ ഒരവസരം നൽകുക, പാർട്ടി സെന്ററിലുള്ള പി.ബി അംഗത്തെ സെക്രട്ടറിയായി നിശ്ചയിക്കുക എന്നിങ്ങനെ വിവിധ വശങ്ങൾ പി.ബി ചർച്ച ചെയ്യും. പി.ബി സെന്റർ പാർട്ടി കോൺഗ്രസ് വരെ കൂട്ടായ നേതൃത്വം തുടർന്നാൽ മതിയോ എന്നും ആലോചിക്കും. മുൻ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട്, വൃന്ദ കാരാട്ട്, എം.എ. ബേബി,തപൻ സെൻ, ബി.വി. രാഘവുലു, സുഭാഷിണി അലി, നീലോൽപ്പൽ ബസു, എ. വിജയരാഘവൻ, അശോക് ധാവ്ളെ എന്നിവരാണ് ഇപ്പോൾ പി.ബി സെന്ററിലുള്ളത്. ഇവരിൽ നിന്നൊരാൾക്കാകും ചുമതല ലഭിക്കുക.