കട്ടപ്പന :കാഞ്ചിയാർ പഞ്ചായത്തിലെ ഏക പട്ടികവർഗ്ഗ സങ്കേതമായ അഞ്ചുരുളി സെറ്റിൽമെന്റിലെ ജനങ്ങളുടെ ദുരിത യാത്രയ്ക്ക് ഹൈറേഞ്ചിലെ കുടിയേറ്റ കാലത്തോളമാണ് പഴക്കം. ജില്ലയിലെ പാതകളെല്ലാം ഹൈടെക് നിലവാരത്തിലേക്ക് ഉയരുന്ന സാഹചര്യത്തിലും ചെളികുണ്ടിലൂടെ മാത്രമാണ്കുടി നിവാസികളുടെ യാത്ര .50 ആദിവാസി കുടികളാണ് ഇവിടെയുള്ളത്. 200 ലധികം ആളുകളും താമസിക്കുന്നു. വർഷങ്ങളായി പുറം ലോകവുമായി ബന്ധപ്പെടാൻ ആകെയുള്ളത് ഈ മൺ വഴി മാത്രമാണ്. മഴ പെയ്യുന്നതോടെ ഈ വഴികളിലൂടെയുള്ള യാത്ര ഏറെ ക്ലേശകരമാകും. ഈ സാഹചര്യത്തിൽ വാർഡ് ഫണ്ട് ഉപയോഗിച്ച് മക്ക് നിരത്തുന്നതാണ് പതിവ് . യാത്രാ ക്ലേശം രൂക്ഷമായ ഏതാനും ഇടങ്ങളിൽ ഗ്രാമപഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്തു. എന്നാൽ ഏഴു കിലോമീറ്റർ അധികം ദൈർഘ്യമുള്ള പാതയിൽ ചില ഭാഗങ്ങളിലെ കോൺക്രീറ്റ് ഒഴിച്ചാൽ ബാക്കിയുള്ളവ തീർത്തും യാത്രായോഗ്യമല്ല.മേഖലയിലെ ആളുകൾക്ക് വനാവകാശമടക്കം ഉണ്ടെങ്കിലും ഗതാഗതസംവിധാനങ്ങളുടെ അഭാവം ദൈനംദിന ജീവിതത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്നു.
രോഗികളെ
ചുമക്കണം
പലപ്പോഴും രോഗബാധയേത്തുടർന്ന് ആശുപത്രിയിൽ പോകണമെങ്കിൽ ഏഴു കിലോമീറ്റർ യാത്രയ്ക്ക് വേണ്ടിവരുന്നത് മണിക്കൂറുകളാണ്.
ആംബുലൻസുകളോ മറ്റ് വാഹനങ്ങളോ ഇവിടേക്ക് കടന്നു വരാനും ഏറെ ബുദ്ധിമുട്ടാണ്. കസേരയിലോ മറ്റോ ചുമന്ന് കൊണ്ട്പോകേണ്ട അവസ്ഥയാണ്. കൃത്യസമയത്ത് ആശുപത്രിയിലെത്താൻ സാധിക്കാതെ ഈ പാതയിൽ തന്നെ മരണമടഞ്ഞവരും നിരവധിയാണ്.അതോടൊപ്പം റോഡിന്റെ ശോച്യാവസ്ഥ മൂലം മേഖലയിലെ നിരവധി കുട്ടികൾ പഠനം പോലും നിർത്തിയെന്നും പ്രദേശവാസികൾ പറയുന്നു.
മന്ത്രിക്ക് നിവേദനം നൽകി.
ഏകദേശം ആറുമാസം മുമ്പ് ഒന്നരക്കോടി രൂപയുടെ പദ്ധതി തയ്യാറാക്കി എസ്റ്റിമേറ്റ് അടക്കം പട്ടികവർഗ്ഗ ഡയറക്ടറേറ്റ് ഓഫീസിൽ നൽകിയിരുന്നു. എന്നാൽ നാളിതുവരെയായി യാതൊരുവിധ തുടർനടപടിയോ അറിയിപ്പുകളോ ഉണ്ടായില്ല..
ഈ സാഹചര്യത്തിൽ കക്കാട്ടുകട അഞ്ചുരുളി കോളനി റോഡിൽ ഭാസിക്കാട് മുതൽ അഞ്ചുരുളി സെറ്റിൽമെന്റ് വരെ കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പട്ടികവർഗ്ഗ മന്ത്രി ഒ. ആർ കേളുവിന് കളക്ടറേറ്റിൽ വച്ച് കാഞ്ചിയാർ പഞ്ചായത്ത് അധികൃതർ നിവേദനം നൽകി.