കട്ടപ്പന :കാഞ്ചിയാർ പഞ്ചായത്തിൽ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പണികഴിപ്പിച്ച ശുചിമുറിക്കെതിരെ ഓംബുഡ്സ് മാന് പരാതി അയച്ച് ബി.ജെ.പി. ശൗചാലയം പഞ്ചായത്തിൽ എത്തുന്നവർക്ക് ഉപകാരപ്പെടാത്ത വിധം പണികഴിപ്പിച്ചത് വിവാദമായിരുന്നു.
കാഞ്ചിയാർ ഗ്രാമപഞ്ചായത്തിൽ പൊതുജനങ്ങളുടെ ഉപയോഗത്തിനായി പൊതുചൗചാലയം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. എന്നാൽ ഈ ശൗചാലയം പൊതുജനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയാത്ത വണ്ണം പഞ്ചായത്ത് ഓഫീസിനുള്ളിലാണ് നിർമ്മിച്ചിട്ടുള്ളത്. ഇതോടെ ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാനോ ഓഫീസിനു വെളിയിൽ നിന്ന് ശൗചാലയത്തിലേക്ക് പ്രവേശിക്കാനോ കഴിയും വിധം വാതിൽ ഇല്ല. ഇതോടെ പൊതുജനങ്ങൾക്ക് ശൗചാലയത്തിൽ പോകണമെങ്കിൽ ഓഫീസിനുള്ളിലൂടെ ജീവനക്കാരുടെ അനുമതി വാങ്ങി പോകേണ്ട അവസ്ഥയായി. അതോടൊപ്പം ഓഫീസ് കെട്ടിടത്തിനുള്ളിൽ ശൗചാലയം ഉണ്ടെന്ന് പൊതുജനങ്ങൾക്ക് കാണും വിധം സൂചന ബോർഡുകളും സ്ഥാപിച്ചിട്ടില്ല. പഞ്ചായത്തിലെത്തുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് പ്രതിസന്ധി നേരിടുന്നു. പൊതുജനങ്ങൾക്കായി ശൗചാലയം തുറന്നു കൊടുക്കണമെന്ന് കാണിച്ച ബ്ലോക്ക് പഞ്ചായത്ത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് കത്തും നൽകിയിരുന്നതാണ്. എന്നാൽ നടപടി ഉണ്ടായില്ല.ഈ സാഹചര്യത്തിലാണ് ബി.ജെ.പി കട്ടപ്പന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓംബുഡ്സ്മാന് പരാതി നൽകിയത്.
ബ്ലോക്ക് പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് പൊതുജനങ്ങൾക്കായി നിർമ്മിച്ച ശൗചാലയം പൊതുജനങ്ങൾ തുറന്നു കൊടുക്കാനുള്ള നിർദേശം ഉണ്ടാക്കണം,
ശൗചാലയം നിലവിലുള്ള കാര്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന സൂചന ബോർഡുകൾ സ്ഥാപിക്കാൻ നിർദ്ദേശിക്കുകയും വെളിയിൽനിന്ന് ശൗചാലയത്തിലേക്ക് പ്രവേശിക്കാൻ കഴിയും വിധം വാതിലുകൾ നിർമ്മിക്കുകയും വേണം, ബ്ലോക്ക് പഞ്ചായത്ത് നിർമ്മിച്ച ശൗചാലയം പഞ്ചായത്ത് ജീവനക്കാർക്ക് മാത്രമായി ക്രമപ്പെടുത്തിയ സെക്രട്ടറിയുടെ നടപടിക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണം, ഭരണസമിതിയുടെ നിർദ്ദേശം ഉണ്ടായിട്ടും അവഗണിച്ച സെക്രട്ടറിയിൽ നിന്നും ബ്ലോക്ക് പഞ്ചായത്തിന് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ശൗചാലയത്തിന്റെ നിർമ്മാണത്തിന് ചെലവായി തുക ഈടാക്കി പുതിയതായി മറ്റൊന്ന് പൊതുജനങ്ങൾക്കായി നിർമ്മിച്ച് നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണം. തുടങ്ങിയ കാര്യങ്ങൾ ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്.