
പീരുമേട് : കാലാവസ്ഥ ഇനിയും അനുകൂലമായില്ല. വാഗമൺ വിനോദസഞ്ചാരമേഖലയിലെ മുഖ്യ ആകർഷണമായചില്ല് പാലം അടച്ചിട്ട് മൂന്ന് മാസം പിന്നിടുമ്പോൾ സഞ്ചാരികളും നിരാശയിലാണ്. ഇത് ടൂറിസത്തെയും കാര്യമായി ബാധിച്ചു. മഴയുടെ കാഠിന്യം കുറഞ്ഞതിനാൽ പാലം തുറന്നുകൊടുക്കണമെന്നാണ് ആവശ്യം. വാഗമൺ അഡ്വഞ്ചർ പാർക്കിന്റെ ഭാഗമായ പുതുതായി സജ്ജീകരിച്ച ഗ്ലാസ് ബ്രിഡ്ജിന് ആദ്യഘട്ടത്തിൽ വൻഹിറ്റായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 3500 അടിഉയരത്തിൽ 40 മീറ്റർ നീളത്തിൽ മലമുകളിലാണ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്നത്. 2023 സെപ്തംബർ 6 ന് മന്ത്രി മുഹമ്മദ് റിയാസാണ് സന്ദർശകർക്കായി ഇത് തുറന്ന് നൽകിയത്. 500 രൂപയായിരുന്നു ആദ്യം നിരക്ക്. പിന്നീട് 250 ആയി കുറച്ചു. ചില്ലുപാലത്തിന്റെ പേരുംപെരുമയും കേട്ടറിഞ്ഞ് വാഗമണ്ണിലേക്ക് സഞ്ചാരികളുടെ ഒഴുക്കായിരുന്നു. ഒരു ദിവസം 1500 പേർക്കായിരുന്നു പ്രവേശനം. ഒരേ സമയം 15 പേർക്ക് പാലത്തിൽ ചെലവഴിക്കാം. ഒരാളിന് അഞ്ച് മിനിട്ട് സമയം. ഒൻപതു മാസം കൊണ്ട് ഡി.ടി.പി.സിക്ക് ഒന്നര കോടിയിലധികം രൂപയാണ് ലഭിച്ചത്. കഴിഞ്ഞ ക്രിസ്മസ് സീസണിൽ ഒരു ദിവസം 25000 സന്ദർശകർ വാഗമണ്ണിൽ എത്തി.
അടച്ചത് : മേയ് 30 ന്
സർക്കാരിന് വരുമാനം നിലച്ചു
ചില്ലുപാലം അടച്ചതോടെ വൻ നഷ്ടമാണ് കമ്പനിക്കുള്ളത്. ഗ്ലാസ് ബ്രിഡ്ജുകൾ വിദേശരാജ്യങ്ങളിൽ രണ്ടുവർഷം കഴിഞ്ഞ് അറ്റകുറ്റപ്പണി ചെയ്താൽ മതി. വാഗമണ്ണിലെ പ്രതികൂല കാലാവസ്ഥയിൽ പെയിന്റിംഗ് ഉൾപ്പടെ മൂന്ന് മാസം കൂടുമ്പോൾ ചെയ്യണം. ആകെ വരുമാനത്തിന്റെ 30 ശതമാനം ഡി.ടി.പി.സിക്കും, 18 ശതമാനം ജി.എസ്.ടിയായും അടച്ചിരുന്നു. പാലംഅടച്ചതോടെ സർക്കാരിന് ലഭിച്ചിരുന്ന ഈ വരുമാനവും ഇല്ലാതായി.