moonnarcollege
മൂന്നാർ സർക്കാർ ആർട്സ് കോളേജിന്റെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ മൂന്നാറിൽ ചേർന്ന ആലോചനാ യോഗം.

മൂന്നാർ: മൂന്നാറിനെ വിദ്യാഭ്യാസ ഹബ്ബാക്കി മാറ്റുമെന്നും പ്രളയത്തിൽ തകർന്ന സർക്കാർ ആർട്സ് കോളേജ് പുനർ നിർമ്മിക്കാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. മൂന്നാറിൽ കോളേജ് പുനർനിർമ്മാണവുമായി ബന്ധപ്പെട്ട ആലോചനയോഗത്തിൽ അദ്ധ്യക്ഷതവഹിക്കുകയായിരുന്നു മന്ത്രി. 2018 ലെ പ്രളയത്തിലാണ് കോളേജ് ഇരുന്ന പ്രദേശവും അക്കാദമിക് ബ്ലോക്കും പ്രിൻസിപ്പൽ കോട്ടേഴ്സുൾപ്പടെയുള്ള കെട്ടിടങ്ങൾ ഇടിഞ്ഞുപോയത്.

ഇപ്പോൾ കോളേജ് പ്രവർത്തിക്കുന്ന ഡി.റ്റി.പി.സി ബഡ്ജറ്റ് ഹോട്ടൽ കെട്ടിടവും സമീപത്തെ ഭൂമിയും മൂന്നാർ കോളേജിനായി ഏറ്റെടുക്കുകയും ഇതിനു പകരമായി ഉരുൾപൊട്ടലിൽ തകർന്ന പഴയ മൂന്നാർ ഗവ. കോളേജിന്റെ ഭൂമി ഡി.റ്റി.പി.സി ക്ക് നൽകുകയും ചെയ്യും.

ഇതോടൊപ്പം മൂന്നാർ ഗവ. എൻജിനീയറിങ് കോളേജിന്റെ ആൺകുട്ടികളുടെ ഹോസ്റ്റൽ ഭൂമിയും താൽക്കാലികമായി മൂന്നാർ കോളേജ് ഏറ്റെടുക്കും. നിലവിൽ എൻജിനീയറിങ് കോളേജിൽ പ്രവർത്തിക്കുന്ന കൊമേഴ്സ് ഡിപ്പാർട്ട്‌മെന്റ് അവിടെനിന്നും മാറ്റി ഇപ്പോൾ മൂന്നാർ കോളേജ് പ്രവർത്തിക്കുന്ന ഡി.ടി.പിസിയുടെ ബഡ്ജറ്റ് ഹോട്ടലിന് സമീപം മോഡുലാർ ബിൽഡിംഗ് ഒരുക്കി താൽക്കാലിക സംവിധാനം തയ്യാറാക്കും. ഇതോടെ മൂന്നാർ കോളേജിലെ പ്രവർത്തനം വർഷങ്ങൾക്കുശേഷം ഒരിടത്താകും.അഡ്വ എ രാജ എം. എൽ. എ ,ജില്ലാ കളക്ടർ വി .വിഗ്‌നേശ്വരി ,സബ് കളക്ടർ വി .എം ജയകൃഷ്ണൻ , കോളേജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ സുധീർ കെ , കോളേജ് പ്രിൻസിപ്പൽ ഡോ .മനീഷ് എൻ. എ, വൈസ് പ്രിൻസിപ്പൽ ഡോ കെ .റ്റി വന്ദന, ഡി.ടി.പി.സി സെക്രട്ടറി ജിതേഷ് ജോസ്, എൻജിനീയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ ജോജു, ദേവികുളം തഹസിൽദാർ സജീവ് ആർ നായർ, മൂന്നാർ വില്ലേജ് ഓഫീസർ സെൽവി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കാലാവസ്ഥ വ്യതിയാനം

കോഴ്സ് ആരംഭിക്കും

പത്ത് ഏക്കർ ഭൂമിയെങ്കിലും ഒരുക്കിയാലെ റൂസ (RUSA) മോഡൽ കോളേജായി മൂന്നാർ കോളേജിന് മാറാൻ കഴിയൂ. നിലവിലെ ബി. എ തമിഴ്, ബി. എ എക്കണോമിക്സ്, ബി.കോം, ബി.എസ്സി ഗണിതം, എം .എ തമിഴ്, എം .എ എക്കണോമിക്സ്, എം കോം തുടങ്ങിയ കോഴ്സുകൾക്ക് പുറമെ കാലാവസ്ഥ വ്യതിയാനം സംബന്ധിച്ചുള്ള കോഴ്സും, ടൂറിസം, ഫുഡ് ടെക്‌നോളജി തുടങ്ങിയ പുതിയ കോഴ്സുകളും മൂന്നാർ കോളേജിൽ ആരംഭിക്കുന്നതിനും ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറെടുക്കുന്നു.