monkey
വണ്ടൻമേഡ് ടൗണിലെ വ്യാപാര സ്ഥാപനത്തിൽ കയറിയ വാനരൻ

കട്ടപ്പന :വാനര ശല്യത്തിൽ പൊറുതിമുട്ടി വണ്ടൻമേട്ടിലേ വ്യാപാരികൾ. പ്രദേശത്ത് ഇറങ്ങുന്ന വാനര കൂട്ടം വ്യാപാര സ്ഥാപനങ്ങളിലടക്കം വ്യാപകനാശനഷ്ടമാണ് വരുത്തുന്നത്. കൃഷിനാശവും വീടുകൾക്ക് കേടുപാടുകളും ഉണ്ടാക്കുന്നു.
പകലും രാത്രിയും വണ്ടൻമേട് ടൗണിലേ പഴയ കെട്ടിടത്തിൽ തമ്പടിക്കുന്ന വാനരകൂട്ടം സമീപത്തെ വീടുകളിലെത്തിയും ശല്യം സൃഷ്ടിക്കുകയാണ്. കൂട്ടമായെത്തുന്ന സംഘം വ്യാപാര സ്ഥാപന ങ്ങളുടെ ഓടിളക്കിയും കുടിവെള്ള ടാങ്കിലേക്കുള്ള പൈപ്പുകൾ പൊട്ടിച്ചും വലിയ നാശമുണ്ടാക്കുന്നതായാണ് നാട്ടുകാരുടെ പരാതി.
വീട്ടുമുറ്റത്തും പറമ്പിലും കൃഷി ചെയ്യുന്ന പച്ചക്കറികളും തേങ്ങയും കരിക്കുമെല്ലാം വാനരന്മാർ പാടെ നശിപ്പിക്കുകയാണ്. ശല്യക്കാരായ ഇവയെ മേഖലയിൽ നിന്ന് ഓടിക്കാൻ വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുകയും പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വനപാലകരോട് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ചെയ്യണമെന്ന ആവശ്യമാണ് വ്യാപാരികൾ ഉയർത്തുന്നത്.