ചെറുതോണി: പാർലമെന്റ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഹുങ്കിന് ഇനിയും കോൺഗ്രസ്സിന് തിരിച്ചടി ഉണ്ടായിക്കൊണ്ടിരിക്കുമെന്ന് സി.പി. എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് പറഞ്ഞു. കോൺഗ്രസ്സിൽ നിന്നും രാജിവെച്ച് സി.പി. എമ്മിൽ ചേർന്ന പ്രമുഖ നേതാക്കൾക്ക് തങ്കമണിയിൽ നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസ്സിൽ നിന്നും ഇനിയും കൂടുതൽപേർ സിപി. എമ്മിന്റെ ഭാഗമാകും. ജനങ്ങളുടെ സാമൂഹിക ജീവിതത്തിലിടപെടാതെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ അഹങ്കാരത്തിൽ അഭിരമിക്കുന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ നിലപാടിൽ പ്രതിഷേധമുള്ള ഒട്ടേറെപ്പേർ ആ പാർടി വിടും. കോൺഗ്രസ്സിന്റെ സൈബർ പോരാളിയും ജയിൽവാസം ഉൾപ്പടെ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുള്ള യൂത്ത് കോൺഗ്രസ്സ് നേതാവി പി.സി. ജിബുവും കോൺഗ്രസ്സ് തങ്കമണി ടൗൺ കമ്മറ്റി പ്രസിഡന്റ് സുനിൽ തോപ്പിലിനുമാണ് സി.പി.എം പ്രവർത്തകർ സ്വീകരണം ഒരുക്കിയത്. യോഗത്തിൽ ഏരിയ കമ്മറ്റിയംഗം എം.ജെ. ജോൺ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യൻ, ഏരിയ സെക്രട്ടറി പി.ബി. സബീഷ്, ഏരിയ കമ്മറ്റിയംഗങ്ങളായ കെ.ജെ. ഷൈൻ, മോളിക്കുട്ടി ജെയിംസ്, ലോക്കൽ സെക്രട്ടറി കെ.എസ്. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.