
കുമളി: നേരം മയങ്ങിയാൽ പിന്നെ കുമളിയിലെ വഴികൾ ഇരുട്ടിലമരും.ഗുണമേന്മ കുറഞ്ഞതുമൂലം പ്രവർത്തിക്കാതായവയാണ് വഴിവിളക്കുകളിലേറെയും. ഇക്കാര്യങ്ങൾക്ക് പുറമെ സാമൂഹിക വിരുദ്ധർ തകർത്ത വഴിവിളക്കുകളും ഇവിടയുണ്ട്.
കുമളി പഞ്ചായത്ത് വർഷം തോറും വഴിവിളക്ക് സ്ഥാപിക്കാൻ ലക്ഷങ്ങൾ ചിലവിടുന്നു ണ്ടെങ്കിലും വെളിച്ചം അത്യാവശ്യമായ സ്ഥലങ്ങളിൽ പോലും വിരളമായി മാത്രമാണ് വഴി വിളക്കുകൾ തെളിയുന്നത്.
കരാർ ഏറ്റെടുക്കുന്ന സ്വകാര്യ കമ്പനികൾ ഗുണനിലവാരം കുറഞ്ഞ ലൈറ്റുകൾ സ്ഥാപിക്കുന്നതാണ് തകരാറുകൾക്ക് മുഖ്യ കാരണം. മത്സരാടിസ്ഥാനത്തിൽ വഴിവിളക്കുകൾക്ക് ടെണ്ടർ വിളിക്കുമ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ ടെണ്ടർ വെച്ച് പിടിക്കുന്നവർ ലൈറ്റുകൾ സ്ഥാപിച്ച് ദിവസങ്ങൾക്കുള്ളിൽ പ്രവർത്തന രഹിതമായാലും മാറ്റി സ്ഥാപിക്കുവാനോ തകരാറുകൾ പരിഹരിക്കുവാനോ ഇവർ തയ്യാറാകാറില്ല. ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലികൾ ചെയ്തു തീർക്കുന്നതിന് മുൻപ് തന്നെ തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ബില്ല് മാറി കരാറുകാരൻ നാടുവിടുന്നത് ഇവിടെ പതിവാണ്. ഇതിനായി സ്ഥിരമായി കരാറുകാരനെ സഹായിക്കുന്ന ഉദ്യോഗസ്ഥ ലോബി പ്രവർത്തിക്കുന്നുണ്ട്.
ഇതെല്ലാം അതിജീവിച്ച് പ്രവർത്തിക്കുന്ന ലൈറ്റുകൾ തകരാറിലാക്കുന്ന ലഹരി സംഘങ്ങൾ കൂടിയാകുമ്പോൾ കുമളി പതിവായി ഇരുട്ടിൽ തന്നെയാണ്.
സ്വിച്ചും ബോർഡും തകർക്കും
കുമളി ടൗണിനും പരിസരത്തുമുള്ള ഹൈമാസ് ലൈറ്റുകൾ അടക്കം ലഹരി വിൽപ്പന സംഘങ്ങൾ തകരാറിലാക്കിയിരിക്കുകയാണ്. മിക്ക ലൈറ്റുകളുടെയും മീറ്ററും സ്വിച്ചും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചിരിക്കുന്ന പെട്ടി അടിച്ചു തകർത്തുകളയുകയാണ് ഇവരുടെ രീതി. വിളക്കിന്റെ പ്രവർത്തനം നിയന്ത്രിക്കുന്ന ഭാഗങ്ങൾ തകർക്കപ്പെടുന്നതോടെ ലൈറ്റുകൾ പ്രകാശിക്കാതെ ഈ പ്രദേശം മുഴുവൻ ഇരുട്ടിലാവുകയും ചെയ്യും. കുമളി പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിനു മുന്നിൽ കുമളി മൂന്നാർ റോഡിലെ ലൈറ്റിന്റെ നിയന്ത്രണ പെട്ടി ഇത്തരത്തിൽ തകർക്കപ്പെട്ടിരുന്നു. ഇവിടെ ലഹരി വിൽപ്പന നടത്തുന്ന സംഘത്തിൽ പെട്ടവരാണ് ഇതിനു പിന്നിലെന്ന് സംശയിക്കുന്നു.
=കുമളിയിൽ വഴിവിളക്കുകൾ പ്രവർത്തിക്കാത്തത് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ കൂടുന്നതിന് കാരണമായിട്ടുണ്ട്. കുമളി പോലീസ് രാത്രികാല പട്രോളിംഗ് ശക്തിപ്പെടുത്തിയിട്ടുണ്ടെങ്കിലും ആരെയും പിടികൂടിയിട്ടില്ല.