kmly
തകർന്ന് കിടക്കുന്ന കുമളി ബസ് സ്റ്റാന്റ്

കുമളി: അക്ഷരാർത്ഥത്തിൽ കുളമായി കുമളി പഞ്ചായത്ത് ബസ്റ്റാന്റ്മാറി. മാസങ്ങൾക്ക് മുമ്പ് തകർന്ന ഭാഗം നന്നാക്കാൻ നടപടിയില്ല. കേരളാ തമിഴ്നാട് അതിർത്തിയിലെ ബസ് സ്റ്റാന്റാണ് കുഴികളിൽ വെള്ളം നിറഞ്ഞ് കുളമായത്. ദിവസവും സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് ആളുകൾ എത്തുന്ന ബസ്റ്റാന്റിലെ കുഴികൾ ചെളി വെള്ളം നിറഞ്ഞ് കിടക്കുകയാണ്. ബസ്റ്റാന്റിലെ പൊതു വേദിയോട് ചേർന്നുള്ള ഭാഗത്താണ് പൂർണ്ണമായും തകർന്ന് വലിയ കുഴികൾ രൂപപെട്ടിരിക്കുന്നത്. ഇവിടെ ജീപ്പുകൾ പാർക്ക് ചെയ്യുന്നതിനാൽ സ്റ്റേറ്റ് ബാങ്ക് , വില്ലേജ് ഓഫീസ് , ടൂറിസം വകുപ്പിന്റെ ജില്ലാ ഓഫീസ്, അക്ഷയ കേന്ദ്രം, മത്സ്യ മാംസ വിൽപ്പന കടകൾ, എ.റ്റി.എം തുടങ്ങി ഇടങ്ങളിലേയ്ക്ക് വിവിധ ആവശ്യങ്ങൾക്കായി പോകുന്നവർക്ക് ഈ ചെളിക്കുളം കടന്നു മാത്രമെ പോകാൻ സാധിക്കുകയുള്ളു. കുമളിയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന റോസാപ്പൂക്കണ്ടം താമരക്കണ്ടം ഭാഗത്തേക്കുള്ള റോഡുകളും കുമളി പഞ്ചായത്ത് ബസ്റ്റാന്റിന്റെ ഇരുഭാഗങ്ങളിൽ നിന്നുമാണ് ആരംഭിക്കുന്നത്. ബസ്റ്റാന്റ് പരിസരത്തെ മാലിന്യങ്ങൾ ഒഴുകി എത്തുന്നത് ഇവിടേയ്ക്കാണ്. മാസങ്ങളായി ഇവിടെ വലിയ കുഴികൾ രൂപപ്പെട്ട് കുളമായിട്ടും പഞ്ചായത്ത് അധികൃതർ ഇവിടേയ്ക്ക് തിരിഞ്ഞ് നോക്കിയിട്ടില്ല.

വാഴനട്ട്

പ്രതിഷേധം

രാഷ്ട്രീയ സംഘടനകൾ വാഴനട്ടും അല്ലാതെയുമുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുവെങ്കിലും പഞ്ചായത്ത് അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല. വൈകാതെ ശബരിമല തീർത്ഥാടകർ കൂടി എത്തുമ്പോൾ ഈ വലിയ കുഴികൾ യാത്രക്കാർക്ക് വൻ ഭീഷണിയാവും. കാൽ നടയാത്രക്കാരും ഡ്രൈവർമാരും ഇതുമൂലം അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരം കാണാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.