ഇടുക്കി : മാലിന്യമുക്ത ജില്ലയാകാൻ ഇടുക്കി തയ്യാറെടുക്കുന്നു. ജില്ലയിലെ സമസ്ത മേഖകളിലെയും മാലിന്യ സംസ്‌കരണ പ്രവർത്തനങ്ങളിലെ പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിന് ഒക്ടോബർ രണ്ടു മുതൽ മാർച്ച് 30 വരെ നീളുന്ന വിപുലമായ ജനകീയ കാമ്പെയിൻ ആവിഷ്‌കരിക്കുകയാണ്.ഇതിന്റെ ഭാഗമായി മാലിന്യമുക്തം നവകേരളം ജില്ലാ തല നിർവഹണ സമിതി രൂപീകരണ യോഗം ഇന്ന് ഉച്ചയ്ക്ക് 12ന് ജില്ലാ കളക്ടറേറ്റ് കോൺഫ്രറൻസ് ഹാളിൽ ചേരും.ജില്ലയിലെ എല്ലാ വകുപ്പു മേധാവികളും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ,സെക്രട്ടറിമാർ,വിവിധ രാഷ്ട്രീയ, മത, സാമുദായിക, സാംസ്‌കാരിക,വിദ്യാഭ്യാസ, സാമൂഹിക സംഘടനാ നേതാക്കളുമെല്ലാം ഉൾപ്പെടുന്ന വിപുലമായ സംഘാടക സമിതിയാണ് ജില്ലയിലും രൂപം കൊള്ളുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.ബിനു ചെയർപേഴ്സണും ജില്ലാ കളക്ടർ കൺവീനറുമായ നിർവഹണസമിതിയാണ് ജനകീയ കാമ്പെയ്ന് ചുക്കാൻ പിടിക്കുന്നത്. നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിത കേരളം മിഷനാണ് വിവിധ വകുപ്പുകളേയും തദ്ദേശ സ്ഥാപനങ്ങളെയും കോർത്തിണക്കി കാമ്പെയ്ന് നേതൃത്വം നൽകുന്നത് .ഹരിതകേരളം മിഷൻ,ശുചിത്വമിഷൻ,കെ. എസ് ഡബ്യു.എം.പി. ,മലിനീകരണ നിയന്ത്രണ ബോർഡ്, ക്ലീൻ കേരള കമ്പനി തുടങ്ങിയ മാലിന്യ പരിപാലന രംഗവുമായി ബന്ധപ്പെട്ട ഏജൻസികളെല്ലാം ഒത്തു ചേർന്നാണ് കർമപദ്ധതികൾ ആവിഷ്ക്കരി​ക്കുക.