അടിമാലി: ചെണ്ടുമല്ലി പൂക്കളുടെ പൊൻവസന്തം ഒരുക്കി കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ സി.ഡി.എസ് ന്റെ നേതൃത്വത്തിലുള്ള ഹരിതം കൃഷിക്കൂട്ടം. എഴ് അംഗങ്ങളടങ്ങുന്ന സംഘം 75,000 രൂപ മുതൽ മുടക്കിൽ രണ്ടര ഏക്കർ സ്ഥലത്താണ് ഒന്നര മാസം മുമ്പ് കൃഷിയിറക്കിയത്. ഹൈബ്രീഡ് തൈകളാണ് നട്ടത്.പീത വർണത്തിലുള്ള പാടശേഖരം കണ്ണിന് കുളിർമ്മ പകരുന്ന കാഴ്ച കൂടിയാണ്.തമിഴ്നാടിന് മാത്രമല്ല നമുക്കും ചെണ്ടുമല്ലി കൃഷി സാധിക്കുമെന്ന സന്ദേശംകൂടിയാണ് ഇവർ നാടിന് നൽകുന്നത്. ഇന്നലെ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമ്യാ റെനീഷ് നിർവഹിച്ചു.കിലോയ്ക്ക് 40 രൂപ നിരക്കിൽ നൽകാൻ വിൽപ്പനക്കാർ സമീപിച്ചതായി രമ്യാ റെനീഷ് പറഞ്ഞു .വൈസ് പ്രസിഡന്റ് സാലി കുര്യൻ, ടി.പി.മൽക്ക, സി.കെ.ജയൻ കൃഷി വകുപ്പ് ജീവനക്കാർ പങ്കെടുത്തു.