ബൈസൺവാലി: ചൊക്രമുടിയിലെ കൈയേറ്റഭൂമി സർക്കാർ ഏറ്റെടുക്കണമെന്നും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സി.പി. എം ജില്ലാ സെക്രട്ടറി സി .വി വർഗീസ് ആവശ്യപ്പെട്ടു.. ചൊക്രമുടി കൈയേറ്റ മേഖല സന്ദർശിച്ചശേഷം ബൈസൺവാലിയിൽ ചേർന്ന യോഗത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥർ ഇടപെടണം. വിഷയം കലക്ടറുടെയും സർക്കാരിന്റെയും ശ്രദ്ധയിൽപ്പെടുത്തും. ഇതിന്റെ പിന്നിലെ സംഘടിത നീക്കം ബന്ധപ്പെട്ടവർ പരിശോധിക്കണം. പ്രധാന ടൂറിസം കേന്ദ്രവും ജൈവ വൈവിദ്ധ്യ മേഖലയുമാണ്. സവിശേഷ പരിസ്ഥിതി പ്രാധാന്യമുള്ള മേഖല കൂടിയാണിത്. ഇത്തരം കൈയേറ്റം പട്ടയം ലഭിക്കാനുള്ള ജില്ലയിലെ സാധാരണ കർഷകരെപ്പോലും പ്രതികൂലമായി ബാധിക്കും. നിർമാണ നിരോധനംപോലും നിലനിൽക്കുന്നു. ഈ മേഖല നാടിന്റെ സ്വത്തായി നിലകൊള്ളേണ്ടതാണ്. കൈയേറ്റത്തിന് ബാഹ്യശക്തികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പങ്ക് പുറത്തുകൊണ്ടുവരണമെന്നും എൽഡിഎഫ് സർക്കാരിന്റെ സൽപ്പേരിന് കളങ്കം ചാർത്തുന്നവർക്കെതിരെ നടപടി വേണമെന്നും സി .വി വർഗീസ് ആവശ്യപ്പെട്ടു.