തൊടുപുഴ: കഴിഞ്ഞ 27 വർഷമായി കുട്ടികളുടെ പ്രിയകൂട്ടുകാരനായി തുടരുകയാണ് കാപ്പ് എൻ.എസ്.എസ് എൽ.പി സ്കൂളിനെ അസൂയാവഹമായ ഉയരങ്ങളിലെത്തിച്ച പ്രധാന അദ്ധ്യാപകൻ വിധു പി. നായർ. അദ്ധ്യാപനം പാഠം പറഞ്ഞുകൊടുക്കൽ മാത്രമല്ല, കുട്ടികളുടെ മനസ് അറിഞ്ഞ് ഹൃദയം കൊണ്ട് പഠിപ്പിക്കണമെന്നതാണ് വിധു സാറിന്റെ തിയറി. അത് ജീവിതത്തിൽ സ്വായത്തമാക്കിയതിനാലാണ് 2018 ലെ മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്. മാതാപിതാക്കൾ അദ്ധ്യാപകരായതാണ് ഈ രംഗത്തേക്ക് എത്താനുള്ള പ്രചോദനം. 2013ൽ ഇന്ത്യയിലെ തന്നെ ആദ്യ സ്മാർട്ട് സ്കൂളെന്ന പദവിയും കാപ്പിന് ലഭിച്ചു. സർക്കാർ പോലും ആ ചിന്തയിലേക്ക് ഉയരുന്നതിന് മുമ്പായിരുന്നു ഈ നേട്ടം. അതിന് ചുക്കാൻ പിടിച്ചത് വിധു സാറായിരുന്നു. ഡിജിറ്റൽ പഠനത്തിനാവശ്യമായ മോഡ്യൂളുകൾ, ബയോ മെട്രിക് അറ്രെൻഡൻസ്, 24 മണിക്കൂർ നീണ്ട ലെെവ് ടെലികാസ്റ്റ്, സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമനത്തിനായുള്ള നിരവധി പ്രവർത്തനങ്ങൾ, കുട്ടികളുടെ പഠന നിലവാരം അറിയാനും രക്ഷിതാക്കളെ ബോദ്ധ്യപ്പെടുത്താനും സാധിക്കുന്ന 'നോ മെെ ചെെൽഡ് ആപ്പ് ' എന്നിങ്ങനെ നീളുന്നു വിധു സാർ കാപ്പ് സ്കൂളിന് വേണ്ടി ചെയ്ത നേട്ടങ്ങളുടെ പട്ടിക. വർഷങ്ങൾക്കിപ്പുറമാണ് സർക്കാർ പോലും ഡിജിറ്റൽ സാദ്ധ്യത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്. സംസ്ഥാനത്തെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് പാഠ്യമികവ് മനസിലാക്കാനായി ഒരു അഭിരുചി പരീക്ഷ നടത്തിയിരുന്നു. അഞ്ച് വ്യത്യസ്ത മേഖലകളിൽ കഴിവുള്ള 72 കുട്ടികളെ കണ്ടെത്തി അവർക്കായി ഇന്ത്യയെ അറിയാനുള്ള അവസരവും ഒരുക്കി. അവരിൽ പലരും വളർന്ന് മികച്ച മേഖല കീഴടക്കുകയാണെന്ന് വിധു സാർ അഭിമാനത്തോടെ പറയുന്നു. കാഞ്ഞിരമറ്റം നിനവ് എന്ന വീട്ടിൽ ഒരു അദ്ധ്യാപിക കൂടിയുണ്ട്. ഭാര്യ ശാന്തി കോലഞ്ചേരി സെന്റ് പീറ്റേഴ്സിലെ അദ്ധ്യാപികയാണ്. മകൻ ഗോപികൃഷ്ണൻ ഡെൽഹി യൂണിവേഴ്സിറ്റിയിലെ എം.എ ഇംഗ്ലീഷ്
വിദ്യാർത്ഥിയാണ്.
വഴിത്തിരിവ്
ആഫ്രിക്കിയിലെ പരിശീലനം
വേൾഡ് ബാങ്ക് നടത്തുന്ന സെൻട്രൽ പ്രോജക്ടിന്റെ ഭാഗമായി ആഫ്രിക്കയിലെ എറിട്രിയയിലെത്തിയതാണ് വിധുവിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. അവിടത്തെ പരിശീലനം എങ്ങനെ അദ്ധ്യാപന രംഗത്ത് മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നതിന്റെ വ്യക്തമായ ചിത്രം ലഭിക്കാൻ സഹായകമായി. 2007 മുതൽ 2012 വരെ അത് നീണ്ടു. അവിടെയും ക്ലാസുകൾ നയിച്ചു. പിന്നീട് യുനെസ്കോ, ഡബ്ല്യു.എച്ച്.ഒ എന്നിവയുടെ നിരവധി കോഴ്സുകളും പഠിച്ചു. ഇവയായിരുന്നു അദ്ധ്യാപക- വിദ്യാർത്ഥി ബന്ധത്തിന്റെയും വ്യത്യസ്ത പഠന രീതിയുടെയും കാതൽ.
'എന്റെ അദ്ധ്യാപനരീതി വ്യത്യസ്തമാണ്. പാഠപുസ്തകത്തിന്റെ അകമ്പടിയില്ല. കുട്ടികളും അദ്ധ്യാപകനും ചേർന്നാണ് പഠനം. കുട്ടികൾ സ്വയം മനസ്സിലാക്കി കാര്യങ്ങൾ ചെയ്യുന്ന രീതിയാണ് പ്രോത്സാഹിപ്പിക്കുന്നത്. മുറിയിലെ നാല് ചുവരുകൾക്കുള്ളിലിരുന്ന് പാഠപുസ്തകത്തിലെ അക്ഷരങ്ങൾ മനഃപാഠമാക്കുകയല്ല വേണ്ടത്. അതിന് പുറത്തേക്ക് വളരണം, ചിന്തയെ വളർത്തണം. അതിന് ഏറ്റവും നല്ല മാർഗം കുട്ടികളെ ഉൾപ്പെടുത്തി ക്ലാസ് നയിക്കുകയാണ്.'
-വിധു പി. നായർ