തൊടുപുഴ: സി എച്ച് ആറിനെ സംരക്ഷിത വനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തി ജനങ്ങൾക്ക് ആശങ്കയുണ്ടാക്കിയത് പിണറായി സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എം പി പറഞ്ഞു. 2016 ലെ ഇടതുസർക്കാരാണ് സി .ച്ച് ആറിനെ റിസർവ് വനത്തിന്റെ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതും എംഎം മണി മന്ത്രിയായിരുന്ന കാലയളവിൽ. കൃഷിമന്ത്രി പി. പ്രസാദ് ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ കേസിലും വനംവകുപ്പിന്റെ നിലപാട് സി. എച്ച്. ആർ റിസർവ് വനമാണെന്നാണ് . 213000 ഏക്കർ റിസർവ് വനമാണെന്നാണ് 2022 ൽ മൂന്നാർ ഡി എഫ് ഓ കോടതിയിൽ നൽകിയ സ്റ്റാറ്റസ് റിപ്പോർട്ടിൽ പറഞ്ഞത് .

2016 ന് ശേഷം വനം വകുപ്പിന്റെ അതേ നിലപാടാണ് സി എച്ച് ആർ വിഷയത്തിൽ റവന്യൂ വകുപ്പും സ്വീകരിക്കുന്നതെന്ന് ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധിച്ചാൽ വ്യക്തമാകും. സി എച്ച് ആർ റിസർവ് വനമാണെന്നും രണ്ട് ലക്ഷം ഏക്കറിന് മുകളിൽ ഭൂമി സി എച്ച് ആറിൽ ഉണ്ടാകാമെന്നുമാണ് 2017 ൽ ഇടുക്കി ഏൽ എ ഡെപ്യൂട്ടി കളക്ടർ ഗ്രീൻ ട്രൈബ്യൂണലിൽ നൽകിയ സ്റ്റേറ്റ്‌മെന്റിൽ പറഞ്ഞിരിക്കുന്നത് . സി എച്ച് ആർ വിഷയത്തിൽ ഇപ്പോൾ കേസ് നൽകിയ പരിസ്ഥിതി സംഘടനയുടേയും റവന്യൂ വകുപ്പിന്റെയും വാദം ഒന്നാണെന്ന് ഇതിൽ നിന്ന് വ്യക്തമാണ് .

കർഷകതാല്പര്യം സംരക്ഷിക്കാൻ

ഏതറ്റം വരെയും പോകും

സി .എച്ച് .ആർ വിഷയത്തിൽ സർക്കാരിന്റെ ഈ നിലപാട് തിരിച്ചടിയാകുമെന്നതിനാലാണ് കർഷക താല്പര്യം സംരക്ഷിക്കാനും തുടർ നടപടികൾ ആലോചിക്കാനും നെടുങ്കണ്ടത്ത് യോഗം വിളിച്ചത്. ജില്ലയിൽ കൃഷി ഭൂമിയുൾപ്പടെ 1100 ഏക്കർ റിസർവ് വനമാക്കിയ ഇടതുസർക്കാരിന്റെ നടപടിയും സി എച്ച് ആർ വിഷയത്തിൽ സ്വീകരിക്കുന്ന ഇരട്ടതാപ്പ് നിലപാടും യോഗത്തിൽ ചർച്ചയായി . സി എച്ച് ആർ കേസ് സുപ്രീം കോടതിയിൽ പരാജയപ്പെട്ടാൽ കേരളം കണ്ട ഏറ്റവും വലിയ കുടിയിറക്കാവും നടക്കാൻ പോകുന്നത്. ഈ വിഷയത്തിൽ കർഷകതാല്പര്യം സംരക്ഷിക്കാൻ ഏതറ്റം വരെ പോകും. യോഗത്തിൽ പങ്കെടുത്ത സമുദായ നേതാക്കളേയും കർഷക സംഘടനകളേയും അപഹസിക്കാതെ സ്വന്തം സർക്കാരിന്റെ കർഷകദ്രോഹ നടപടികൾ തിരുത്തിക്കാനുള്ള ആർജവമാണ് ജില്ലയിലെ ഇടതുപക്ഷ നേതാക്കൾ കാണിക്കേണ്ടതെന്നും എം പി പറഞ്ഞു.