ഇടുക്കി: ചൊക്രമുടിയിലെ ഭൂമി കൈയേറ്റം സർക്കാർ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ജിയോളജി,​ റവന്യൂ,​ വനം വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് കൈയേറ്റത്തിന് ഒത്താശ ചെയ്യുന്നത്. കൈയേറ്റ പ്രദേശത്തേക്ക് ടാറിങ് റോഡ് നിർമ്മിക്കുകയും പ്രദേശത്തെ മരങ്ങളും പാറകളും പൊട്ടിച്ച് നീക്കുകയും ചെയ്തിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരും കൈയേറ്റം കണ്ടില്ലെന്ന് നടിക്കുകയാണ്. സർക്കാരിന്റെ സൽപ്പേര് കളങ്കപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇതേക്കുറിച്ച് അന്വേഷണം വേണമെന്നും സി.വി. വർഗീസ് ആവശ്യപ്പെട്ടു.