തൊടുപുഴ: നഗരത്തിലെ പൊലീസ് സ്ഥാപിച്ച നിരീക്ഷണ ക്യാമറകൾ പലതും പ്രവർത്തിക്കുന്നില്ല,​ അധികൃതർ ഇത് അറിഞ്ഞിട്ടുമില്ല. നഗരത്തിൽ വിവിധയിടങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ട് വർഷങ്ങളായി. പ്രധാന ഇടങ്ങളായ ഗാന്ധിസക്വയർ, റോട്ടറി ജംഗ്ഷൻ എന്നിവിടങ്ങളിലെ ക്യാമറകളുടെ പ്രവർത്തനം നിലച്ചിരിക്കുന്നതിനാൽ എന്തെങ്കിലും അപകടം നടന്നാലോ മോഷണം നടന്നാലോ അറിയാനോ കണ്ടെത്താനോ സാധിക്കുന്നില്ല. പൊലീസ് സ്റ്റേഷൻ പരിസരത്തെ ക്യാമറയുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഇതിന് സമീപമാണ് നഗരസഭാ കാര്യാലയവും പ്രവർത്തിക്കുന്നത്. ഈ ഭാഗത്തെ തെരുവിളക്കും തെളിയുന്നില്ല. രാത്രി യാത്രക്കാരുടെ ഏക ആശ്രയം സമീപമുള്ള വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചമാണ്. രാത്രി ഒമ്പത് മണി കഴിഞ്ഞാൽ അതുമില്ല,​ എങ്ങും കൂരിരുട്ടാണ്. ജോലികഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നവരും കടന്നുപോകുന്നത് ഇരുട്ടിലൂടെ. പകൽ സമയം പോലും നിരവധി അപകടങ്ങളാണ് നഗരത്തിൽ നടക്കുന്നത്. രാത്രി ഉണ്ടാകുന്നവ വേറെയും. എത്രയും പെട്ടെന്ന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നു.

കൗൺസിലറിനെ ഇടിച്ച വാഹനം കണ്ടെത്തിയില്ല

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി 9.30ന് ഏഴാം വാർഡ് കൗൺസിലർ മുഹമ്മദ് അഫ്സൽ സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്ന വഴി പിന്നിൽ മറ്രൊരു കാർ ഇടിച്ച് സാരമായി പരിക്കേറ്റിരുന്നു. ഇടിച്ച കാർ നിറുത്താതെ ഓടിച്ച് പോവുകയായിരുന്നു. തൊടുപുഴയിൽ നിന്ന് പുളിമൂട് ജംഗ്ഷനിലേക്ക് പോകുന്നതിനിടെ പൊലീസ് സ്റ്റേഷൻ പരിസരത്തായിരുന്നു അപകടം. പൊലീസ് പരാതി നൽകി അന്വേഷണം നടത്തിയെങ്കിലും അപകടം നടന്ന വാഹനമേതെന്നോ ആരെന്നോ ഒരു സൂചന പോലും ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ല. ഇവിടത്തെ നിരീക്ഷണ ക്യാമറയും തെരുവിളക്കും പ്രവർത്തിക്കാത്തതാണ് അന്വേഷണത്തിന് പ്രധാന വിലങ്ങുതടിയായത്.

'നഗരത്തിൽ എത്ര നിരീക്ഷണ ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്, എവിടെയൊക്കെ പ്രവർത്തനരഹിതമായിരിക്കുന്നു എന്നത് ക‌‌ൃത്യമായി അന്വേഷിച്ചാൽ മാത്രമേ അറിയാൻ കഴിയൂ'.

-ഇമ്മാനുവൽ പോൾ, ഡിവെെ.എസ്.പി,​ തൊടുപുഴ