തൊടുപുഴ: നാളെ അത്തം... പത്തു ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന ദിനം. ആഘോഷത്തിന് ആരംഭം കുറിച്ച് നാളെ മുതൽ വീട്ടുമുറ്റങ്ങളിൽ പൂക്കളം തീർക്കും. പണ്ടൊക്കെ പാടത്തും പറമ്പിലും നിന്ന് ശേഖരിക്കുന്ന തുമ്പയും മുക്കുറ്റിയും ചെമ്പരത്തിയും ചെണ്ടുമല്ലിയുമൊക്കെയാണ് അത്തപ്പൂവിടാൻ ഉപയോഗിച്ചിരുന്നത്. നാടൻ പൂക്കളുടെ ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നുമെത്തുന്ന പൂക്കളെ ആശ്രയിച്ചു തുടങ്ങി. എന്നാൽ ഇത്തവണ തൊടുപുഴയിലടക്കം ജില്ലയിൽ പല സ്ഥലങ്ങളിലും കർഷക കൂട്ടായ്മയുടെ നേതൃത്വത്തിലും മറ്റും ഓണവിപണി ലക്ഷ്യമിട്ട് വ്യാപകമായി പൂക്കൾ കൃഷി ചെയ്തിട്ടുണ്ട്. ബന്ദിപ്പൂവാണ് പ്രധാനമായും കൃഷി ചെയ്തിരിക്കുന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മിക്കയിടങ്ങളിലും ആഘോഷം കുറവാണെന്നത് ഇവരെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും ക്ലബുകളും വിദ്യാലയങ്ങളുമടക്കമുള്ള സ്ഥാപനങ്ങളിൽ ചെറിയതോതിലെങ്കിലും ആഘോഷമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കർഷകരും വ്യാപാരികളും. നിലവിൽ വിപണിയിൽ 250 രൂപ മുതൽ 600 രൂപ വരെയാണ് പൂവുകൾക്ക് വില. ഓരോ ദിവസവും വില വ്യത്യാസപ്പെടും. തിരുവോണമെത്തുമ്പോഴേക്കും വില കുതിച്ചുയരാനാണ് സാദ്ധ്യത. പച്ചക്കറികൾക്കും പലവ്യഞ്ജനങ്ങൾക്കും അടക്കം വൻവിലക്കയറ്റമുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഈ ഓണക്കാലവും. സപ്ലൈകോയും ഹോർട്ടികോർപ്പും സംയുക്തമായി നടത്തുന്ന വിപണന മേളയും ഉടൻ ആരംഭിക്കും. ആശ്വാസമായി സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും സഹകരണ സംഘങ്ങളും കൂട്ടായ്മകളും ഓണച്ചന്തകൾക്കായി ഒരുങ്ങിക്കഴിഞ്ഞു. ഖാദി, കൈത്തറി എന്നിവയുടെ വിലക്കുറവോടെയുള്ള മേളകളും നടത്തുന്നുണ്ട്. ഓണം ഓഫറുകളും സമ്മാനങ്ങളും പ്രഖ്യാപിച്ച് വ്യാപാരസ്ഥാപനങ്ങൾ ഇതിനകം വിപണിയിൽ സജീവമായി കഴിഞ്ഞു. ആടിക്കിഴിവും ഓണപ്പൊലിമയും ഒന്നിച്ചെത്തുമ്പോൾ വസ്ത്രശാലകളിലും മറ്റു കച്ചവടകേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ തിരക്കേറും.
വൺ പ്ലസ് വൺ ഓഫറുകളാണ് വസ്ത്ര വിപണിയിലെ പ്രധാന ആകർഷണം. ഹൈദരാബാദ്, ബംഗ്ളുരു, സൂററ്റ്, അഹമ്മദാബാദ്, ജയ്പൂർ, പഞ്ചാബ്, ഡൽഹി, ഹരിയാന, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നാണ് പുതുവസ്ത്രങ്ങളെത്തുന്നത്. മാറാതെ നിൽക്കുന്ന മഴ കച്ചവടക്കാരുടെ നെഞ്ചിടിപ്പേറ്റുന്നുണ്ട്.
പൂവ് വില (കിലോയ്ക്ക്)
വാടാമല്ലി: 280- 300
ഓറഞ്ച് ചെണ്ടുമല്ലി: 170- 180
മഞ്ഞ ചെണ്ടുമല്ലി- 180- 190
അരളി- 360- 380
വെള്ള ജമന്തി- 350- 370
റോസാപ്പൂ- 250- 280
മുല്ലപ്പൂ- 30- 40 രൂപ (ഒരു മുഴം)
വാടാമുല്ല : 280- 300
ചെറിയ റോസ്: 250- 260
'വിദ്യാലയങ്ങളിലും ക്ലബുകളടക്കമുള്ള സ്ഥാപനങ്ങളിലും ചെറിയ തോതിലെങ്കിലും ആഘോഷമുണ്ടാകുമെന്നാണ് പ്രതീക്ഷ. തൊടുപുഴയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇത്തവണ വ്യാപകമായി കർഷകർ കൃഷി ചെയ്ത ബന്ദിപ്പൂവെത്തുന്നുണ്ട്. കഴിഞ്ഞ തവണ കർഷകർക്ക് ഗുണകരമായ രീതിയിൽ നല്ല വിലയ്ക്ക് വാങ്ങി ഇവ വിൽക്കാൻ സാധിച്ചിരുന്നു. ഇത്തവണ എങ്ങനെയാകുമെന്ന ആശങ്കയുണ്ട്."
-പ്രതീഷ് പി.വി (ഉണ്ണി ഫ്ലവേഴ്സ്)