തൊടുപുഴ: യുവതിയോടും പിഞ്ചുകുഞ്ഞുങ്ങളോടുമുള്ള ഭർതൃസഹോദരന്റെ ഗാർഹിക പീഡനം മൂലം ആത്മഹത്യയുടെ വക്കിലാണെന്നും വിഷയത്തിൽ മനുഷ്യാവകാശ കമ്മീഷൻ അടിയന്തരമായി ഇടപെടണമെന്നും മുണ്ടൻമുടി നാരംകാനം കൊല്ലംപറമ്പിൽ ലിജി റിക്സൺ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.വിവാഹം കഴിഞ്ഞ് നാരംകാനത്തുള്ള കുടുംബ വീട്ടിൽ ഭർത്താവിനൊപ്പം കഴിഞ്ഞുവരികയായിരുന്നു.
തന്നെയും മക്കളേയും വീട്ടിൽ നിന്നിറക്കി വിട്ട് സ്ഥലവും വീടും കൈയേറാൻ ഭർതൃസഹോദരൻ ശ്രമിക്കുകയാണെന്നും ഇവർ ആരോപിച്ചു. ഭർതൃവീട്ടിൽ താമസിക്കാൻ സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ഭർതൃസഹോദരൻ ഡിവിഷൻ ബഞ്ചിൽ അപ്പീൽ പോയെങ്കിലും ഹൈക്കോടതി ഇതു തള്ളികളഞ്ഞു. പിതാവ് മരണപ്പെട്ട തനിക്ക് അമ്മയും സഹോദരങ്ങളുമാണ് ഏക ആശ്രയം.ഇതിനിടെ തനിക്കും അയൽവാസികൾക്കുമെതിരെ തൊടുപുഴ മുൻസിഫ് കോടതിയിൽ നിന്നും ഇഞ്ചക്ഷൻ ഫയൽ ചെയ്യുകയുമുണ്ടായി. നാട്ടുകാരുടെയും അയൽവാസികളുടെയും സഹായത്തോടെയാണ് കഴിഞ്ഞുവരുന്നത്. പ്രശ്നത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടണമെന്നും ഇവർ ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകുമെന്നും അറിയിച്ചു. പത്രസമ്മേളനത്തിൽ ലിജിയുടെ മാതാവ് ലാലി ജോൺ, സഹോദരൻ സിജോ എന്നിവരും പങ്കെടുത്തു.