തൊടുപുഴ: ഓണവിപണിയിലെ വില നിയന്ത്രിക്കുന്നതിനു സപ്ലൈക്കോ ആരംഭിക്കുന്ന ജില്ലാ ഓണം ഫെയറിന്റെ ഉദ്ഘാടനം നാളെ രാവിലെ 11ന് പഴയ നഗരസഭാ ബസ് സ്റ്റാൻഡ് മൈതാനിയിൽ നടക്കുമെന്ന് അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചെറുപയർ, ഉഴുന്ന്, വൻപയർ, മട്ടഅരി, ജയ അരി, പച്ചരി, പഞ്ചസാര, കടല ഉൾപ്പെടെ 13 ഇനം ഉത്പന്നങ്ങൾ ഫെയറിൽ സബ്സിഡി നിരക്കിൽ വിതരണം ചെയ്യും. വിവിധ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവും വമ്പൻ ഓഫറുകളുമുണ്ട്. ഉച്ചയ്ക്ക് രണ്ടു മുതൽ വൈകിട്ട് നാല് വരെയുള്ള സമയങ്ങളിൽ ഹാപ്പി മണിക്കൂർ എന്ന പേരിൽ ഇരുന്നൂറോളം ഉത്പന്നങ്ങൾ 45 ശതമാനം വരെ വിലക്കിഴിവിലും 14 വരെ വിതരണം ചെയ്യും. 14 വരെ ജില്ലാ ഫെയർ പ്രവർത്തിക്കും. പി.ജെ. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു അദ്ധ്യക്ഷത വഹിക്കും. ഡീൻ കുര്യാക്കോസ് എം.പി മുഖ്യാതിഥിയാകും. വാഴൂർ സോമൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. എം.എം. മണി എം.എൽ.എ ആദ്യവിൽപ്പന നിർവഹിക്കും. എ. രാജ എം.എൽ.എ പച്ചക്കറി സ്റ്റാൾ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർപേഴ്സൺ സബീന ബിഞ്ചു, വൈസ് ചെയർപേഴ്സൺ പ്രൊഫ. ജെസി ആന്റണി, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ്, കെ. സലിംകുമാർ, സി.പി. മാത്യു, കെ.എസ്. അജി, പി.എൻ. സീതി, ജിമ്മി മറ്റത്തിപ്പാറ, അഡ്വ. ജോസി ജേക്കബ് എന്നിവർ പ്രസംഗിക്കും. ജില്ലാ സപ്ലൈ ഓഫീസർ ബൈജു കെ. ബാലൻ സ്വാഗതം പറയും. വാർത്താസമ്മേളനത്തിൽ ഡിപ്പോ മാനേജർ കെ. സിന്ധുമോൾ, പി.എസ്. ജയൻ, വിൻസെന്റ് ഉലഹന്നാൻ എന്നിവർ പങ്കെടുത്തു.
സാധനങ്ങളും സബ്സിഡി നിരക്കും
ചെറുപയർ (1 കിലോ)- 92
ഉഴുന്ന് (1 കിലോ)- 95
വൻപയർ (1 കിലോ)- 75
കടല (1 കിലോ)- 69
തുവരപ്പരിപ്പ് (1 കിലോ)- 111
മുളക് (അര കിലോ)- 79
മല്ലി (അര കിലോ)- 41
പഞ്ചസാര (1 കിലോ)- 35
വെളിച്ചെണ്ണ (1 ലിറ്റർ)- 143
ജയ അരി (1 കിലോ)- 29
മട്ടഅരി (1 കിലോ)- 33
പച്ചരി (1 കിലോ)- 26
കുറുവ (1 കിലോ)- 30