തൊടുപുഴ: സി.എച്ച്.ആർ സംരക്ഷിത വനമേഖലയാക്കാനുള്ള നീക്കമുൾപ്പെടെ ജില്ലയിലെ കർഷക സമൂഹത്തിന് ഭീഷണിയായി മാറിയിട്ടുള്ള മുഴുവൻ ഉത്തരവുകളുടെയും പിന്നിൽ പിണറായി സർക്കാരാണെന്നിരിക്കെ ഇതിന്റെയെല്ലാം ഉത്തരവാദിത്ത്വം കോൺഗ്രസിന്റെയും എം.പിയുടെയും തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കെണ്ടന്ന് സി.സി.സി പ്രസിഡന്റ് സി.പി. മാത്യു പറഞ്ഞു. എം.എം.മണി മന്ത്രി ആയിരുന്ന കാലത്ത് ഏലം പട്ടയ ഭൂമിയിൽ ഒരു നിർമ്മാണ പ്രവർത്തനങ്ങൾക്കും അനുമതി നൽകാൻ പാടില്ലെന്ന് ഉത്തരവിറക്കിയിട്ടും വാസ്തവ വിരുദ്ധ പ്രസ്താവനകൾ നടത്തി എൽ.ഡി.എഫ് ജനങ്ങളെ കബളിപ്പിക്കുകയാണ്. കർഷക പ്രേമത്തിന്റെ മേലങ്കിയണിഞ്ഞ് മതസ്ഥാപനങ്ങളെയും മറ്റ് സംഘടനകളെയും കൂട്ടുപിടിച്ച് നാട്ടിൽ ആശങ്ക പരത്തിയത് ഇടുക്കിയിലെ ജനങ്ങൾ മറന്നിട്ടില്ലെന്ന് സി.പി.എം ഓർക്കുന്നത് നന്നായിരിക്കും. വിവാദ ഉത്തരവുകൾ പിൻവലിച്ച് ജനങ്ങളുടെ കൃഷി ഭൂമിയിൽ അവർക്ക് സ്വതന്ത്രമായ അവകാശം ഉറപ്പാക്കുന്നതുവരെ ജില്ലയിലെ കർഷക ജനതയ അണിനിരത്തി പോരാട്ടവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.