കട്ടപ്പന: സി.എച്ച്.ആറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൽ.ഡി.എഫ് സർക്കാരാണ് എക്കാലത്തും ജനങ്ങൾക്ക് വേണ്ടി ശരിയായ നിലപാട് സ്വീകരിട്ടുള്ളതെന്ന് കർഷക സംഘം ജില്ലാ കമ്മിറ്റി പറഞ്ഞു. ഇതൊരു അവകാശവാദമല്ല, വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ള യാഥാർത്ഥ്യമാണ്. വസ്തുതകൾ പരിശോധിച്ചാൽ എൽ.ഡി.എഫ് സർക്കാരുകൾ എക്കാലത്തും കർഷകർക്കൊപ്പം നിൽക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് വ്യക്തമാണ്. 2002ൽ കേസ് സുപ്രീംകോടതിയിൽ വന്ന നാൾ മുതൽ കർഷക വിരുദ്ധ നിലപാട് സ്വീകരിച്ച കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും നേതാക്കന്മാരെ വെള്ളപൂശുന്നതിനായിട്ടാണ് ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ കള്ളപ്രചരണങ്ങളുമായി ഇപ്പോൾ രംഗത്ത് വന്നിട്ടുള്ളത്. കർഷകരെ കുടിയിറിക്കിയതും മാധവ് ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ കൊണ്ടുവന്നതും ഇ.എസ്.എ വിജ്ഞാപനം ഇറക്കിയതും കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്ര- സംസ്ഥാന സർക്കാരുകളായിരുന്നു. രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ള എം.പിയുടെ വ്യാജപ്രചരണത്തിന് പിന്നാലെ പോകുന്നവർ വസ്തുതകൾ മനസ്സിലാക്കാൻ തയ്യാറാകണമെന്ന് കർഷക സംഘം ജില്ലാ സെക്രട്ടറി റോമിയോ സെബാസ്റ്റ്യൻ, പ്രസിഡന്റ് എൻ.വി. ബേബി, നേതാക്കളായ മാത്യു ജോർജ്ജ്, എം.ജെ വാവച്ചൻ എന്നിവർ പറഞ്ഞു.