ഇടുക്കി: ബൈസൺവാലി ചൊക്രമുടി ഭാഗത്ത് അനധികൃതമായി ഭൂമി കൈയേറി നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നുവെന്ന പരാതിയിൽ അടിയന്തര ഇടപെടൽ നടത്തി റവന്യൂ മന്ത്രി കെ. രാജൻ. വിഷയം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് മന്ത്രി നിർദേശം നൽകി. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഈ സർക്കാർ സ്വീകരിക്കില്ല. ഭൂമി കൈയേറിയതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ തിരിച്ചു പിടിക്കുന്നതിനുള്ള നടപടികളും സർക്കാർ സ്വീകരിക്കും. വ്യാജ പട്ടയങ്ങൾ കണ്ടെത്തിയാൽ അവർക്കെതിരെ ക്രിമിനൽ കേസുകൾ എടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കൈയേറ്റക്കാരോട് വിട്ടു വീഴ്ചയില്ലാത്ത നിലപാടാണ് സർക്കാർ സ്വീകരിച്ചു പോരുന്നത്. അതിന് യാതൊരു മാറ്റവും ഉണ്ടാവില്ല. ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോർട്ട് വന്നതിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.