
തൊടുപുഴ: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. മുനിയറ സ്വദേശി കളപ്പുരക്കൽ തങ്കപ്പനെയാണ് തൊടുപുഴ അഡിഷണൽ 3 കോടതി ജഡ്ജി എസ്.എസ് സീന ശിക്ഷിച്ചത്. 2015 ആഗസ്റ്റ് 29നായിരുന്നു കേസിനാസ്പദമായ സംഭവം. മകനുമായുണ്ടായ കുടുംബപ്രശ്നത്തിൽ ഇടപെട്ട അയൽവാസിയായ ലക്ഷ്മി ഭവൻ വീട്ടിൽ മുരളീധരനെന്നയാളെയാണ് തങ്കപ്പൻ വെട്ടികൊലപ്പെടുത്തിയത്. കേസിൽ പ്രോസീക്യൂഷൻ 26 സാക്ഷികളെ വിസ്തരിച്ചു, 21 രേഖകളും ഹാജരാക്കി. പിഴയായി ചുമത്തിയ ഒരു ലക്ഷം രൂപ മരണപ്പെട്ട മുരളീധരന്റെ ഭാര്യയ്ക്ക് നൽകാനാണ് ഉത്തരവ്. കേസിൽ പ്രോസീക്യൂഷനുവേണ്ടി അഡ്വ. ജോണി അലക്സ് ഹാജരായി.