കുമളി: കുമളി ഒന്നാം മൈലിൽ മദ്യ മയക്കുമരുന്ന് ലോബിയുടെ ഗുണ്ടാ വിളയാട്ടം. കോഫീ ഷോപ്പിന്റെ മുന്നിൽ സ്ഥാപിച്ചിരുന്ന അലമാരയുടെ ചില്ലുകൾ അക്രമിസംഘം അടിച്ചു തകർത്തു. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ ലഹരി സംഘം തമ്മിൽ ഏറ്റുമുട്ടായിരുന്നു. പിന്നാലെയാണ് വ്യാപാര സ്ഥാപനത്തിന് നേരെ അക്രമം ഉണ്ടായത്. അലമാരയുടെ ചില്ലുകളിൽ രക്തക്കറ കാണപ്പെട്ടിട്ടുണ്ട്. പോലീസ് കേസെടുത്തു. പോലീസിന്റെ സി.സി.ടി.വി ക്യാമറയുടെ തൊട്ടരികിലാണ് സംഭവം.സി.സി. ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിക്കണമെന്നും പ്രതികളെ പിടി കൂടണമെന്നും പൊലീസ് നൈറ്റ് പടോളിംഗ് കാര്യക്ഷമമാക്കണമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുമളി യൂണിറ്റ് പ്രസിഡന്റ് മജോ കാരിമുട്ടം ആവ ശ്യപ്പെട്ടു. കുമളിയിലും പരിസര പ്രദേശങ്ങളിലും മയക്ക്മരുന്ന് ഗുണ്ടാസംഘങ്ങളുടെ പ്രവർത്തനം സജീവമാണ്.
രാത്രിയായാൽ ജനങ്ങൾക്ക് പ്രാണ ഭീതി കൂടാതെ പുറത്തിറങ്ങാനാവാത്ത സ്ഥിതിയാണ് . അഴിഞ്ഞാട്ടങ്ങൾക്ക് തടസമാകുന്ന എന്തും അക്രമി സംഘം തകർക്കും. വഴിവിളക്കുകളും അവയുടെ സ്വിച്ചുകളും മിക്കയിടത്തും തകർക്കപ്പെട്ട നിലയിലാണ്. കുമളി ഗവ.ഹയർ സെക്കണ്ടറി സ്‌കൂളിന് സമീപമുള്ള ഹൈമാക്സ് ലൈറ്റുകളുടെ സ്വിച്ചുകളും കഴിഞ്ഞ ദിവസം തകർത്തിരുന്നു. ഈ സംഘം തനെയാണ് ഒന്നാം മൈലിലും അക്രമം നടത്തി യതെന്നാണ് സൂചന.