തൊടുപുഴ: വണ്ണപ്പുറം പഞ്ചായത്ത് കുളത്തിലെ മീനുകൾ ചത്തുപൊങ്ങി. വണ്ണപ്പുറത്തെ ടൗണിലെ പതിമൂന്നാം വാർഡിലെ കുളത്തിലെ ചെറുമീനുകളാണ് ചത്തുപൊങ്ങിയത്. കുളത്തിൽ വ്യാപിച്ചു കിടക്കുന്ന പായലിൽ നിന്നുള്ള വിഷാമംശമാവാം കാരണമെന്നാണ് അധികൃതർ പറയുന്നത്. ചൊവ്വാഴ്ച മുതലാണ് മീനുകളെ ചത്തനിലയിൽ കണ്ടത്. കുളത്തിന് സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ തൊഴിലാളികളാണ് ആദ്യം പഞ്ചായത്ത് അധിക‌ൃതരെ വിളിച്ചറിയിച്ചത്. വലിയ മീനുകൾ ഉൾപ്പെടെയുള്ള കുളമാണിത്. തൊടുപുഴയിലുള്ള ലാബിലേക്ക് കുളത്തിലെ ജലത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ പരിശോധനാ ഫലവും ലഭിക്കും. കുളത്തിൽ നിന്നിരുന്ന ആമ്പലുകളും നശിച്ചു പോയിട്ടുണ്ട്. ഓണക്കാലത്ത് പല ഓണക്കളികളും ഈ കുളത്തിൽ നടത്താറുണ്ട്.


'ഇത്തരത്തിലൊരും സംഭവം ആദ്യമായാണ്. യഥാർത്ഥ കാരണം പരിശോധന ഫലം വന്നാലെ അറിയാൻ കഴിയൂ. രണ്ട് ദിവസത്തിനുള്ളിൽ കുളത്തിലെ ജലം വറ്റിച്ച് വൃത്തിയാക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇത്തരത്തിലൊന്ന് ഇനി സംഭവിക്കാതിരിക്കാനുള്ള കാര്യങ്ങൾ ശ്രദ്ധിക്കും."

എം.എ. ബിജു,​ വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ്